മലപ്പുറത്ത് വോട്ടെണ്ണല്‍ പുരോഗമിക്കവെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യമാണ് യുഡിഎഫ് കൈവരിച്ചത്. മലപ്പുറത്തും വേങ്ങരയിലുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടിക്ക് വന്‍ മുന്നേറ്റം ഉണ്ടാക്കിയത്. കുഞ്ഞാലിക്കുട്ടിയുടെ ആകെ ഭൂരിപക്ഷം പതിനായിരം കടന്നപ്പോള്‍ ഈ രണ്ടു മണ്ഡലങ്ങളില്‍നിന്ന് മാത്രം ഏഴായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. തുടക്കത്തില്‍ കൊണ്ടോട്ടിയിലും വള്ളിക്കുന്നിലും മഞ്ചേരിയിലും എല്‍ഡിഎഫ് നേരിയ മുന്നേറ്റമുണ്ടാക്കിയെങ്കിലും വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ ആ മേല്‍ക്കൈ നഷ്ടമായി. വള്ളിക്കുന്നില്‍ യുഡിഎഫ് ശക്തമായി തിരിച്ചെത്തുകയും ചെയ്തു. എല്‍ഡിഎഫ് പ്രതീക്ഷവെച്ചിരുന്ന പെരിന്തല്‍മണ്ണയിലും മങ്കടയിലും യുഡിഎഫ് മികച്ച മുന്നേറ്റമാണ് നടത്തിയത്.