ഇടുക്കി: കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേരില്‍ ഒരാള്‍ പോലും പടിയിറങ്ങേണ്ടി വരില്ലെന്നും, ഉദ്യാനത്തില്‍ നിലവില്‍ താമസിക്കുന്നവര്‍ക്കും ഇത് ബാധകമാണെന്നും, ഒരു വര്‍ഷത്തിനകം അതിര്‍ത്തി പുനര്‍നിര്‍ണ്ണയിച്ച് ദേശീയോദ്യാനം യാഥാര്‍ത്ഥ്യമാക്കാന്‍ വിജ്ഞാപനമിറക്കുമെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. കുറുഞ്ഞി ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിശേഷം നടന്ന മറുപടി പ്രസംഗത്തിലാണ് അദ്ദേഹം സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. 

ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതിനടപ്പിലാക്കാന്‍ ശ്രമിക്കുക. നീലകുറുഞ്ഞി ദേശീയോദ്യാനം സംബന്ധിച്ചുുള്ള പ്രഖ്യാപനം 2006 ല്‍ സര്‍ക്കാര്‍ സ്വീകരിച്ചെങ്കിലും നടപ്പിലാക്കാന്‍ കാലതാമസമെടുത്തത് ഇത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ്. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ യാന്ത്രികമായി പ്രവര്‍ത്തിക്കാതെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിവേണം പ്രവര്‍ത്തിക്കാന്‍. ഉദ്യാനത്തിന് ആവശ്യമായ ഭൂമികള്‍ റീസര്‍വ്വെ നടത്തി തിട്ടപ്പെടുത്തുവാന്‍ ദേവികുളം സബ് കളക്ടറുടെ നേത്യത്വത്തില്‍ സെറ്റില്‍മെന്റ് ഓഫീസറെ നിയോഗിക്കും. 

ഒരു വര്‍ഷത്തിനുള്ളില്‍ കര്‍ഷകരെ വിശ്വാസത്തിലെടുത്ത് പദ്ധതി യാഥാര്‍ത്ഥ്യമാകും. പതിനൊന്ന് വര്‍ഷമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ ആദ്യമായാണ് ഇത്തരമൊരു സമിതി മൂന്നാറിലെത്തുന്നത്. ജനവാസമുള്ള മേഖലകള്‍ നേരിട്ടുകണ്ടതിനെ തുടര്‍ന്ന് പ്രശ്നങ്ങള്‍ എത്രത്തോളം സങ്കീര്‍ണ്ണമാണെന്ന് മനസ്സിലായി. ക്രിയാത്മകമായി കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ജനപ്രതിനിധികളും പ്രദേശവാസികളും സഹകരിക്കണം. ഭൂമി, വെള്ളം തുടങ്ങിയ ആവശ്യങ്ങള്‍ മനസ്സിലാക്കിയാവും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. നേരില്‍ കണ്ട കാര്യങ്ങളും കര്‍ഷകര്‍ സമിതിക്കുമുമ്പാകെ സമര്‍പ്പിച്ച നിവേദനങ്ങളും മുഖ്യമന്ത്രിക്ക് മുമ്പാകെ സമര്‍പ്പിക്കും. റീസര്‍വ്വെ നടത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും മന്ത്രിതല സമിതി പറഞ്ഞു.

രാവിലെ 10 മണിയോടെ മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് ജനപ്രതിനിധികളുമായി സമിതി ചര്‍ച്ചകള്‍ നടത്തിയത്. വട്ടവട, കോവിലൂര്‍, കൊട്ടാക്കമ്പൂര്‍, കടവരി എന്നിവിടങ്ങളിലെ ജനപ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. യാതൊരു വിധ പഠനങ്ങളും അന്വേഷണങ്ങളുമില്ലാതെയാണ് കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചതെന്ന് വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.രാമരാജ് ചൂണ്ടിക്കാട്ടി. ഉദ്യാനം ഉള്‍പ്പെടുന്ന ബ്ലോക്ക് നമ്പര്‍ 58 ന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തി തമിഴ്‌നാടിനോട് ചേര്‍ന്നുള്ള ചിന്നാര്‍ മുതല്‍ വെളളഗിരിവരെയുള്ള ഭാഗങ്ങളുള്ളത്. ഇതുതന്നെ അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ചതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് തെളിയിക്കുന്നതാണ്. 

ബ്ലോക്ക് നമ്പര്‍ 58, 62 എന്നിവയില്‍ ഉള്ള 7 വാര്‍ഡുകളിലും കൂടി 53 സര്‍ക്കാര്‍ സ്ഥാപനങ്ങളും, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച 45 സ്ഥാപനങ്ങളും, 12 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 62 ആരാധനാലയങ്ങള്‍, 2041 വീടുകള്‍ എന്നിവയുണ്ട്. ഇത്രയും ജനങ്ങള്‍ അധിവസിക്കുന്ന ഈ മേഖലകളുടെ സംരക്ഷണം ഉറപ്പു വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1968 ന് ശേഷം ഭൂമിയുടെ റീസര്‍വ്വേ നടന്നിട്ടില്ലെന്നും കുറിഞ്ഞി ഉദ്യാനമായി വട്ടവടയെ മാത്രം എന്തിന് തെരഞ്ഞെടുത്തുവെന്നും വട്ടവട മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ദാസ് ചേദിച്ചു. വട്ടവടയേക്കാളും അധികം കുറിഞ്ഞി പുക്കുന്ന മലകളായ മീശപ്പുലിമല, ചൊക്രമുടി, രാജമല, കൊരണ്ടക്കാട് എന്നിവിടങ്ങളിലെ മൊട്ടക്കുന്നുകളില്‍ ജനവാസമേഖലകള്‍ ഇല്ലെന്നും എന്നാല്‍ ഇവിടെയൊന്നും കുറിഞ്ഞി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭൂമിയുടെ കൈവശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ ആറുമാസത്തെ കാലതാമസമാണ് ഉണ്ടാകുന്നത് അത് ലഭിച്ച് പോക്കുവരവു ചെയ്തു കിട്ടുവാന്‍ പിന്നെയും ഒന്നര വര്‍ഷം കൂടി കാത്തിരക്കേണ്ട സ്ഥിതിയാണുള്ളതെന്നും വട്ടവട സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ആര്‍.അളകര്‍ ചൂണ്ടിക്കാട്ടി. വട്ടവട മേഖലയില്‍ ഗ്രാന്‍ഡിസ് മരങ്ങള്‍ നട്ടു പിടിക്കുവാന്‍ മേലില്‍ അനുവാദം നല്‍കരുതെന്ന് കെ.പി.സി.സി വൈസ്.പ്രസിഡന്റ് എ.കെ.മണി ആവശ്യപ്പെട്ടു. കെ.പി.സി.സി യുടെ നേതൃത്വത്തിലുള്ള നിവേദനം റവന്യൂ മന്ത്രിയ്ക്ക് അദ്ദേഹം സമര്‍പ്പിച്ചു. വിവിധ വകുപ്പുകളുടെ കണക്കുകളില്‍ നിന്നും 1000 ഏക്കറുകളുടെ അന്തരമാണുള്ളതെന്നും ഇതുതന്നെ കുറിഞ്ഞി ഉദ്യോനത്തെക്കുറിച്ചുള്ള അവ്യക്തതയാണ് വെളിപ്പെടുത്തുന്നതെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. വട്ടവട മേഖലയില്‍ മരം മുറിയ്ക്കുന്നതിന് നിലനില്‍ക്കുന്ന നിരോധനം ഒഴിവാക്കണം. അതുവഴിയുണ്ടാകുന്ന വന്‍ സാമ്പത്തിക ബാധ്യത ഇല്ലാതാകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ഭൂരിപക്ഷം ജനപ്രതിനികളും ആവശ്യപ്പെട്ടു. മന്ത്രിമാരെ കൂടാതെ ജോയ്‌സ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ എസ്.രാജേന്ദ്രന്‍, ഇ.എസ്.ബിജിമോള്‍, റവന്യൂ, വനം, പഞ്ചായത്ത് എന്നി വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥരും ചര്‍ച്ചകളില്‍ പങ്കെടുത്തു.