പ്രതിദിനം ദ്വീപില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 400 ആക്കി ചുരുക്കിയിരുന്നു  

വയനാട്: ജില്ലയിലെ ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുറുവാ ദ്വീപില്‍ കൂടുതല്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കാന്‍ തീരുമാനം. നേരത്തെ പ്രതിദിനം ദ്വീപില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 400 ആക്കി ചുരുക്കിയിരുന്നു. ഇതിനെതുടര്‍ന്ന് പ്രദേശവാസികളുടെ നേതൃത്വത്തില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനാനുമതി ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നു.

ഇതേതുടര്‍ന്ന് ഇനിമുതല്‍ 950 പേര്‍ക്ക് പ്രതിദിനം ദ്വീപില്‍ പ്രവേശിക്കാമെന്ന് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഉത്തരവ് പുറപ്പെടുവിച്ചു. സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണം വന്നതോടെ ഇതറിയാതെ ദൂരെ നിന്നുവരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. ഇത്തരം സന്ദർശകരെ ലക്ഷ്യമിട്ട് ചങ്ങാടം സർവീസ് ടൂറിസം പ്രമോഷൻ കൗൺസിൽ ആരംഭിച്ചിരുന്നെങ്കിലും ആളുകൾ തൃപ്തരായിരുന്നില്ല.

ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വനവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പഠനപ്രകാരം ഒരു ദിവസം 400 പേര്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. വനവകുപ്പ് വഴി 200 ടിക്കറ്റും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) വഴി 200 പേര്‍ക്കു മായിരുന്നു ടിക്കറ്റ് അനുവദിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധം ശക്തിയാര്‍ജിച്ചതോടെ ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഇടപെടുകയും വനംവകുപ്പ് തീരുമാനം മാറ്റുകയും ചെയ്തിരിക്കുകയാണ്.