സുരക്ഷാ കാരണങ്ങളാല്‍ ഔദ്യോഗിക അംഗീകാരമില്ലാത്ത മോസ്‌കുകള്‍ക്കും ആരാധന സ്ഥലങ്ങള്‍ക്കുമെതിരേ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇങ്ങനെ വര്‍ധിച്ചുവരുന്ന ആരാധനാ കേന്ദ്രങ്ങളെക്കുറിച്ച് പൊതുസേവന കമ്മിറ്റിയുടെ നിര്‍ദേശം സര്‍ക്കാര്‍ പരിശോധിച്ചെന്ന് ക്യാബിനറ്റ് കാര്യ മന്ത്രി ഷേഖ് മൊഹമ്മദ് അല്‍ അബ്ദുള്ള വ്യക്തമാക്കി. ആഭ്യന്തര, ഇസ്ലാമിക കാര്യ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഈ വിഷയത്തില്‍ വ്യക്തമായ പരിഹാരം കണ്ടെത്താന്‍ കുവൈറ്റ് സിറ്റി മുനിസിപ്പാലിറ്റിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിയമവിരുദ്ധമായ നിര്‍മാണങ്ങള്‍ സുരക്ഷാ സംമ്പന്ധിച്ച് ഗുരുതരമായ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനെറ ഭാഗമായി രാജ്യത്തിനകത്ത് ലൈസന്‍സില്ലാത്ത മോസ്‌കുകളുടെയും ആരാധനാ സ്ഥലങ്ങളുടെയും വിശദമായ പട്ടിക എന്‍ഡോവ്‌മെന്റ് മന്ത്രാലയം തയാറാക്കും. രണ്ടു മാസത്തെ സമയം ഇതിനായി അനുവദിച്ചിട്ടുണ്ട്.