കൊലപാതകത്തിന് ശേഷം ഇരുവരും സിറിയയിലേക്ക് കടക്കുകയായിരുന്നു.

കുവൈത്ത് സിറ്റി: ഫിലിപ്പൈന്‍ സ്വദേശിയായ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ ഫ്രീസറില്‍ ഒളിപ്പിച്ച ദമ്പതികള്‍ക്ക് വധശിക്ഷ വിധിച്ചു. ലെബനീസ് പൗരനായ നാദിര്‍ ഇഷാം അസാഫ്, സിറിയക്കാരിയായ ഭാര്യ മോണ ഹാസുന്‍ എന്നിവര്‍ക്കാണ് വധശിക്ഷ. ഇരുവരുടെയും അസാന്നിദ്ധ്യത്തിലായിരുന്നു കുവൈറ്റിലെ കോടതിയില്‍ വിചാരണയും ശിക്ഷാ വിധിയും. 

കൊലപാതകത്തിന് ശേഷം ഇരുവരും സിറിയയിലേക്ക് കടക്കുകയായിരുന്നു. പ്രമാദമായ കേസിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ സിറിയയില്‍ ഇരുവരെയും അറസ്റ്റ് ചെയ്തു. നാദിറിനെ ലെബനാന് കൈമാറുകയും മോണയെ ഇപ്പോഴും സിറിയയില്‍ തടവില്‍ സൂക്ഷിച്ചിരിക്കുകയുമാണ്. കുവൈറ്റില്‍ എത്തുകയാണെങ്കില്‍ ഇരുവര്‍ക്കും ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സാധിക്കും. എന്നാല്‍ നാദിറിനെ കുവൈറ്റിന് കൈമാറുന്നതിന് പകരം ലബനീസ് ഭരണകൂടം അവിടെത്തന്നെ വിചാരണ നടത്താനാണ് ശ്രമിക്കുന്നത്.

2016ലാണ് കൊലപാതകം നടന്നത്. വേലക്കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രീസറില്‍ ഒളിപ്പിച്ചു. പിന്നീട് ഭാര്യയും ഭര്‍ത്താവും സിറിയയിലേക്ക് കടന്നു. പോകുന്നതിന് മുന്‍പ് വേലക്കാരിയെ കാണാനില്ലെന്ന് കാണിച്ച് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഈ പരാതിയില്‍ ദുരൂഹതയുണ്ടെന്ന് സംശയം തോന്നിയതോടെയാണ് പൊലീസ് ഇവരുടെ താമസ സ്ഥലം പരിശോധിച്ചത്. ദിവസങ്ങളായി അടഞ്ഞുകിടന്ന ഫ്ലാറ്റിനകത്തെ ഫ്രീസറില്‍ നിന്ന് മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു.