വിദേശികള്‍ക്ക് ചികിത്സാ സേവനങ്ങള്‍ക്കുള്ള ഫീസ് 15 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്സഹ്‍ലവി വ്യക്തമാക്കി. ഈ വര്‍ഷാവസാനത്തിനു മുന്പ് സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തും. സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്ന വിദേശികള്‍ക്ക് ചികിത്സാ സേവനങ്ങള്‍ നല്‍കുന്നതിനായി മൂന്നു ആശുപത്രികളും 15 മെഡിക്കല്‍ സെന്ററുകളും നിര്‍മ്മിക്കുന്നതിനായി സ്വകാര്യ പൊതു പങ്കാളിത്തത്തോടെ ഒരു കന്പനി സ്ഥാപിച്ചിട്ടുണ്ട്. 2019- ഓടെ ഈ ആശുപത്രികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

രാജ്യത്ത് നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനം സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും, പെതുമേഖലയിലെ വിദേശികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തുമെന്നും അല്‍ സഹ്‍ലവി പാര്‍ലമെന്റിന്റെ പ്രത്യേക കമ്മിറ്റിക്ക് ശേഷം പറഞ്ഞു. റേഡിയോളജി, ന്യൂക്ലിയര്‍, ലാബ് പരിശോധനകള്‍ക്കായി വിദേശികളില്‍ നിന്നും ഇടാക്കുന്ന ഫീസും സ്വകാര്യ ആശുപത്രികളിലെ ഫീസുമായി താരതമ്യം ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയം ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ഫീസിലിലുള്ള വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആരോഗ്യമന്ത്രി അലി അല്‍ ഉബൈദിക്കു കൈമാറുമെന്നും പുതിയ ഫീസ് നിരക്കുകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അല്‍ സഹ്‍ലവി കൂട്ടിച്ചേര്‍ത്തു.