കുവൈത്ത്: കുവൈത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുളിലും ഒക്ടോബര്‍ ഒന്ന് മുതല്‍ വിദേശികള്‍ക്കുള്ള ആരോഗ്യസേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് കേസ്. കുവൈത്ത് സ്വദേശിയായ അഭിഭാഷകനാണ് അഡ്മിനിട്രേറ്റീവ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം ലംഘിക്കുന്നതാണ് നിരക്കുവര്‍ധന തീരുമാനമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്.

വിദേശികള്‍ക്ക് നല്‍കുന്ന ചികിത്സകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ ആരോഗ്യമന്ത്രി ഡോ. ജമാല്‍ അല്‍ ഹാര്‍ബിയ്ക്കെതിരേ അഭിഭാഷകനായ ഹാഷെം അല്‍ റെഫെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അഡ്മിനിട്രേറ്റീവ് കോടതി ഒക്ടോബര്‍ നാലിന് കേസ് പരിഗണിക്കും. ആരോഗ്യ ഇന്‍ഷുറന്‍സിനു കീഴില്‍വരുന്ന രോഗികളായ വിദേശികള്‍ക്ക് ചികിത്സാ ഫീസുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് അദ്ദേഹത്തിന്റെ വാദം. 

അന്താരാഷ്ട്ര മാനുഷിക നേതാവെന്ന പദവി ലഭിച്ച അമീര്‍ ഷേഖ് സാബാ അല്‍ അഹ്്മദ് അല്‍ ജാബെര്‍ അല്‍ സാബായുടെ ഭരണനേതൃത്വത്തിലുള്ള കുവൈറ്റില്‍ ഇത്തരമൊരു തീരുമാനം രാജ്യത്തിന്റെ അന്തസിനെ ദോഷകരമായി ബാധിക്കുമെന്ന് അല്‍ റെഫെ വ്യക്തമാക്കി. സമാധാനവും ജീവകാരുണ്യ സന്മനസുമുള്ള ജനതയെന്നാണ് കുവൈറ്റ് അറിയപ്പെടുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍വരുന്നവര്‍ക്ക് ചികിത്സാ നിരക്ക് വര്‍ധിപ്പിക്കുന്നത് നിയമംമൂലം നിരോധിച്ചിട്ടുമുണ്ട്. മന്ത്രിതല തീരുമാനം നിലവിലുള്ള നിയമത്തിന് എതിരാണെന്ന് അദ്ദേഹം വാദിക്കുന്നു.