Asianet News MalayalamAsianet News Malayalam

കുവൈത്തിൽ നിയമനനിരോധനം ജനുവരി മുതൽ നടപ്പാക്കില്ല

kuwait labour law
Author
First Published Dec 29, 2017, 12:12 AM IST

കുവൈറ്റിലെ വിവിധ തൊഴിലവസരങ്ങള്‍ക്ക് 30 വയസില്‍താഴെ പ്രായമുള്ള വിദേശികളെ നിയമിക്കുന്നതിന് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച നിരോധനം നടപ്പാക്കുന്നത് തല്‍ക്കാലത്തേക്ക് മാറ്റിവച്ചു. വിഷയത്തില്‍ കൂടുതല്‍ പഠനം നടത്തുന്നതിനാണ് തീരുമാനം നടപ്പാക്കുന്നത് മാറ്റിവയ്ക്കുന്നതെന്ന്, തൊഴില്‍-സാമൂഹികകാര്യ വകുപ്പ് മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു.

നിയമനനിരോധന തീരുമാനം ജനുവരി ഒന്നുമുതല്‍ നടപ്പാക്കാനാണു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില സര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും പ്രകടിപ്പിച്ച എതിര്‍പ്പുകളെക്കുറിച്ച് കൂടുതല്‍ പഠനം നടത്തുന്നതിന് തീരുമാനം തല്‍ക്കാലും നടപ്പാക്കില്ലെന്ന് തൊഴില്‍-സാമൂഹികകാര്യ വകുപ്പ് മന്ത്രി ഹിന്ദ് അല്‍ സബീഹ് പറഞ്ഞു.

30 വയസില്‍ താഴെ പ്രായമുള്ള യോഗ്യരായ വിദേശികള്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് തടയാനുള്ള നീക്കത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് കുവൈറ്റ് സൊസൈറ്റി ഫോര്‍ സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് ആവശ്യപ്പെട്ടിരുന്നു. തീരുമാനം നടപ്പാക്കുന്നത് നിരവധി ചെറുകിട, ഇടത്തരം തൊഴില്‍ സംരംഭങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഷേഖ് ഹമൗദ് അല്‍ ഷാംലാന്‍ അല്‍ സാബാ അറിയിച്ചിരുന്നു. രാജ്യത്തെ പൊതുസമൂഹത്തിന് പ്രയോജനകരവും ഏറെ പിന്തുണ നല്‍കുന്നതുമാണ് ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍. ഇത്തരം സംരംഭങ്ങളില്‍ സ്വദേശി യുവാക്കള്‍ക്ക് അവസരങ്ങളും സാധ്യതകളും വര്‍ധിപ്പിക്കാനാണ് തീരുമാനമെങ്കില്‍ അത് നല്ലതാണ്. എന്നാല്‍ സാമ്പത്തിക സുരക്ഷിതത്വവും തൊഴില്‍ സ്ഥിരതയും കൂടുതല്‍ ആനുകൂല്യങ്ങളും ലഭിക്കുന്ന സര്‍ക്കാര്‍ മേഖലയില്‍ ജോലി നേടാനാണ് ഭൂരിപക്ഷം സ്വദേശി യുവാക്കളും താല്‍പര്യപ്പെടുന്നതാണ് യാഥാര്‍ഥ്യമെന്നും സംരംഭകര്‍ വ്യക്തമാക്കിയിരുന്നു. 30 വയസിനു മുകളില്‍ പ്രായമുള്ള പരിചയസമ്പന്നരായ വിദേശികള്‍ക്ക് യുവാക്കളെക്കാള്‍ മൂന്നുമുതല്‍ നാലുവരെ മടങ്ങ് വേതനം നല്‍കേണ്ടിവരും. ഇത് ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നുമാണ് സംരംഭകരുടെ വാദം.

 

Follow Us:
Download App:
  • android
  • ios