കുവൈത്തില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ആഴ്ചയില്‍ അധികമായി ഒരു ദിവസം കൂടി തൊഴിലാളികള്‍ക്ക് അവധി നലകണമെന്ന എം.പിയുടെ നിര്‍ദേശം സ്വദേശികളും വിദേശി സമൂഹവും സ്വാഗതം ചെയ്തു.നിലവിലെ വെള്ളി, ശനി ദിവസങ്ങള്‍ക്കെപ്പം വ്യാഴം കൂടെ അവധി നല്‍കണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ അതികഠിനമായ വേനല്‍ച്ചൂട് താങ്ങാനാവാത്തതിനാല്‍, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥപനങ്ങളിലെ ജീവനക്കാരുടെ ആഴ്ചയിലെ അവധി ദിവസങ്ങള്‍ മൂന്നായി വര്‍ധിപ്പിക്കണമെന്ന പാര്‍ലമെന്റ് അംഗം അഹ്മദ് ലാറിയുടെ നിര്‍ദേശത്തെ സ്വദേശികളും വിദേശികളും ഒരുപോലെയാണ് സ്വാഗതം ചെയ്തത്. എംപിയുടെ നിര്‍ദേശം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അല്‍ റൗമി പറഞ്ഞു. ഇത്തരമെരു നിര്‍ദേശം ലഭിച്ചാല്‍ അതിനെ കുറിച്ച് വിശദമായ പഠനം നടത്തും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2012 ലെ സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ടനുസരിച്ച് കുവൈറ്റിന്റെ പ്രതിദിന വരുമാനം 140.5 ദശലക്ഷമാണ്. പ്രസ്തുത മാസങ്ങളില്‍ ആഴ്ചയില്‍ അധികമായി ഒരു ദിവസം കൂടി ജീവനക്കാര്‍ക്ക് അവധി നല്‍കിയാല്‍ ദേശീയ നഷ്ടം 1.12 ലക്ഷംകോടി ദിനാറായിരിക്കും. എംപിയുടെ ഈ നിര്‍ദേശം രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ജീവിതത്തെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒപ്പം, ജീവനക്കാര്‍ക്കിടയില്‍ അലസത വര്‍ധിപ്പിക്കുമെന്ന കാഴ്ചപ്പാടിലാണ് അധികൃതര്‍.