കുവൈത്ത് സിറ്റി: പതിനഞ്ചാമത് കുവൈത്ത് പാർലമെന്റിന്റെ ആദ്യ സെഷൻ ഇന്ന് കുവൈത്ത് അമീർ ഉദ്ഘാടനം ചെയ്തു. ഭരണഘടന അനുസരിച്ച് സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തെരഞ്ഞെടുത്തു. പ്രദേശിക സമയം രാവിലെ 10-മണിക്ക് പാര്‍ലമെന്റ് മന്ദിരത്തില്‍ ആരംഭിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്ത അമീര്‍ ഷേഖ് സബാ അല്‍ അഹമ്മദ് അല്‍ ജബൈല്‍ അല്‍സബാ, രാജ്യപുരോഗതിക്ക് വേണ്ടി മുന്‍കരുതലും, ജാഗ്രതയും, ഉയര്‍ന്നു വരുന്ന വെല്ലുവിളികള്‍ നേരിടാനുള്ള നടപടികള്‍ കൈക്കെള്ളണമെന്ന് മന്ത്രിമാരോടും പാര്‍ലമെന്റ് അംഗങ്ങളോടും ആവശ്യപ്പെട്ടു.

അമീറിന്റെ പ്രസംഗത്തിന് ശേഷം മന്ത്രിമാരെ പരിചയപ്പെടുത്തുകയും, പിന്നെ മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും സഭയില്‍ സത്യപ്രതിഞ്ജയും ചെയ്തു. ഭരണഘടനയുടെ 92-വകുപ്പും, പാര്‍ലമെന്റിന്റെ ആര്‍ട്ടിക്കിള്‍ 28 ഉം അനുസരിച്ച് സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തെരഞ്ഞെടുക്കേണ്ടതുണ്ട്.

കഴിഞ്ഞ പാര്‍ലമെന്റിലെ സ്പീക്കകറായിരുന്ന മര്‍സൂഖ് അല്‍ഗാനീം വന്‍ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. മര്‍സൂഖിന് 48-വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഏതിര്‍ സ്ഥാനാര്‍ഥികളായി മത്സരിച്ച അബ്ദുള്ള അല്‍റൗമി, ഷെയ്ബ് അല്‍മുയൈസിര്‍ എന്നിവര്‍ക്ക് 8-വോട്ടുകള്‍ വീതമാണ് ലഭിച്ചത്. 2006-മുതല്‍ പാര്‍ലമെന്റ് അംഗമാണ് മര്‍സൂഖ് അല്‍ഗാനീം. ഡെപ്യൂട്ടി സ്പീക്കറായി പാര്‍ലമെന്റ് അംഗം ഇസാ അല്‍കന്ദരിയെും തെരഞ്ഞെടുത്തിട്ടുണ്ട്.