കുവൈത്ത്: കുവൈത്തില്‍ ഈ മാസം 29 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകും. അടുത്ത മാസം 22 വരെയാണ് ആഭ്യന്തര മന്ത്രാലയം താമസ-കുടിയേറ്റ നിയമലംഘകര്‍ക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്. കുറഞ്ഞ കാലത്തേക്കാണ് ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന്റെ പ്രയോജനം മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്കാണ്. 

ഒരു ലക്ഷത്തോളം താമസ-കുടിയേറ്റ നിയമലംഘകരില്‍ 27,000-ത്തോളം ഇന്ത്യക്കാരുണ്ട്. ഇതില്‍ ഗാര്‍ഹിക തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് അധികവും. കൂടാതെ, ഖറാഫി നാഷണല്‍ കമ്പനിയിലെ ഇന്ത്യക്കാരായ നൂറ് കണക്കിന് തൊഴിലാളികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. ഖറാഫി വിഷയത്തില്‍ പിഴയൊടുക്കാതെ ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലേക്ക് തിരികെ പോകാന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യവകുപ്പ് സഹമന്ത്രി വി.കെ.സിംഗ് ചര്‍ച്ച നടത്തിയ മന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് വി.കെ.സിംഗ് ഖറാഫി തൊഴിലാളകിളോടെ ഒരു മാസത്തിനുള്ളില്‍ പ്രധാന പ്രശ്‌നങ്ങള്‍ക്ക് നടപടിയാകുമെന്നും അറിയിച്ചിരുന്നു. അതിനിടെയിലാണ് ആഭ്യന്തര മന്ത്രാലയം പെട്ടന്ന് പൊതുമാപ്പ് പ്രഖ്യാപിച്ചത്. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള സുവര്‍ണാവസരമാണിതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മാധ്യമ സുരക്ഷാ വിഭാഗം തലവന്‍ ലഫ്. കേണല്‍ നാസെര്‍ ബസ്‌ലെയ്ബ് പറഞ്ഞു. 

കുവൈത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 600 ദിനാര്‍വരെ പിഴയായി നല്‍കി മറ്റ് കമ്പനികളിലേക്ക് വിസ മാറാനകും. 2011-ലാണ് ഇതിന് മുമ്പ് പൂര്‍ണ പൊതുമാപ്പ് നല്‍കിയത്. കുവൈത്തില്‍ മലയാളി സംഘടനകള്‍ ഹെല്‍പ്പ് ഡസ്‌ക്കുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.