കുവൈത്തില്‍ ഐ.എസുമായി ബന്ധമുള്ള ഫിലിപ്പൈന്‍സ് യുവതിയെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ജൂണില്‍ രാജ്യത്ത് എത്തിയ ഇവര്‍ അവസരം വരുമ്പോള്‍ ഭീകര പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ചിരുന്നതായി ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
തീവ്രവാദ സംഘടനയായ ഇസ്ലാമിക സ്‌റ്റേറ്റിനോട് അനുഭാവമുള്ള 32 കാരിയായ ഫിലിപ്പൈന്‍സ് യുവതിയെയാണ് കുവൈറ്റ് സുരക്ഷാ സേന കസ്റ്റഡിയിലെടുത്തത്. അവസരം ലഭിക്കുമ്പോള്‍ ഭീകര പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ചിരുന്നതായി യുവതി ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഒരു ഗാര്‍ഹിക തൊഴിലാളിയായി ജൂണില്‍ കുവൈറ്റിലെത്തിയ ഇവരുടെ ഇ മെയില്‍ അക്കൗണ്ട് സുരക്ഷാ അധികൃതര്‍ നിരീക്ഷിച്ച് വരുകയായിരുന്നു. ലിബിയയിലെ ഐഎസുമായി ഇ മെയിലിലൂടെ ബന്ധപ്പെട്ടിരുന്നതായും അധികൃതരുടെ നിരീക്ഷണം ഒഴിവാക്കാന്‍ തെറ്റായ പേരിലാണ് അക്കൗണ്ട് തുറന്നതെന്നും മന്ത്രാലയം അറിയിച്ചു. കുവൈറ്റിന്റെ സുരക്ഷയും സുസ്ഥിരതയും അട്ടിമറിക്കാനും സര്‍ക്കാരിനെതിരേ ജനങ്ങളെ ഇളക്കിവിടുന്നതിനും അവസരം ലഭിച്ചാല്‍ ഭീകരാക്രമണം നടത്താനായിരുന്നു പദ്ധതി. കഴിഞ്ഞ വര്‍ഷം റമദാന്‍ മാസത്തില്‍ ഐഎസ് നടത്തിയ ചാവേറാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഐഎസുമായി ആശയപരമായ അടുത്ത ബന്ധം പുലര്‍ത്തുന്ന അന്‍പതോളംപേരെ കര്‍ശനമായി നിരീക്കുന്നുണ്ടെന്ന് പ്രിവെന്റീവ് സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
