കുവൈത്ത് സിറ്റി: പ്രതിദിന എണ്ണയുല്‍പാദനം 2040 ഓടെ 4.75 ദശലക്ഷം ബാരലായി വര്‍ധിപ്പിക്കാനാണ് കുവൈറ്റ് ലക്ഷ്യമിടുന്നതെന്ന് പെട്രോളിയം വകുപ്പു മന്ത്രി ബഖീത് അല്‍ റഷീദി.നിലവിലെ ഉത്പാദനം വെട്ടിക്കുറയ്‌ക്കല്‍ നയം ഫലം കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2040 ലേക്കുള്ള നയരേഖയ്‌ക്ക് കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് ഉടന്‍ അംഗീകാരം നല്‍കുമെന്ന് പുതിയ പെട്രോളിയം വകുപ്പു മന്ത്രി ബഖീത് അല്‍ റഷീദി വ്യക്തമാക്കി.
ബോര്‍ഡിന്റെ അംഗീകാരത്തിന് ശേഷം പ്രസ്തുത നയരേഖ പരമോന്നത പെട്രോളിയം കൗണ്‍സിലിനു കൈമാറും. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതിനെത്തുടര്‍ന്ന് ഒപെക്, ഒപെകിതര രാജ്യങ്ങള്‍ സംയുക്തമായി നടപ്പാക്കിയ ഉല്‍പാദന വെട്ടിക്കുറയ്‌ക്കല്‍ ഫലം കണ്ടെന്ന് അല്‍ റഷീദി പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ നടപ്പാക്കിയ കരാറനുസരിച്ച് ആഗോളതലത്തില്‍ കരുതല്‍ നിക്ഷേപം 50 ശതമാനം കുറച്ചെന്ന് അദ്ദേഹം പറഞ്ഞു.
എണ്ണയുല്‍പാദനം വെട്ടിക്കുറച്ച കരാര്‍ റദ്ദാക്കുന്നതു സംബന്ധിച്ച് അഭിപ്രായ പ്രകടനം നടത്താനുള്ള സമയമായിട്ടില്ല. എണ്ണയുല്‍പാദനം വെട്ടിക്കുറയ്‌ക്കുന്നതിന് ഉല്‍പാദക രാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയിരിക്കുന്ന ധാരണ അടുത്തവര്‍ഷം അവസാനംവരെ നീളും. അതോടെ വിപണിയിലെ അടിസ്ഥാന ഘടകങ്ങളായ ആവശ്യവും വിതരണവും തമ്മിലുള്ള സന്തുലിതാവസ്ഥയ്‌ക്ക് ശ്രദ്ധേയമായ മാറ്റമുണ്ടാകും.
അതിനുള്ള ശുഭസൂചനകള്‍ ഇപ്പോള്‍ വിപണിയില്‍ കാണാനാവുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒമാന്‍ ഓയില്‍ കമ്പനിയുടെയും കുവൈറ്റ് പെട്രോളിയം ഇന്റര്‍നാഷണലിന്റെയും സംയുക്ത സംരംഭമായ ഒമാനിലെ ദുഖം എണ്ണശുദ്ധീകരണശാല അടുത്ത വര്‍ഷം പകുതിയോടെ പ്രവര്‍ത്തനസജ്ജമാകുമെന്ന് അല്‍ റഷീദി വ്യക്തമാക്കി.
