കുവൈത്ത് സിറ്റി: ഗള്‍ഫ് മേഖലയില്‍ ഉരുണ്ട് കൂടിയ പ്രതിസന്ധിയ്‌ക്ക് പരിഹാരം കാണാനായി പക്ഷം പിടിക്കാതെ കുവൈത്ത് അമീര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ ശ്രദ്ധേയമാകുന്നു. എല്ലാ ഭരണനേതൃത്വങ്ങള്‍ക്കും സ്വീകാര്യനാണ് 87 കാരനായ ഷെയ്ഖ് അല്‍ സബ. രണ്ട് ദിവസത്തിനുള്ളില്‍ തിരക്കിട്ട് മൂന്ന് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നു അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാ.അതോടെപ്പം, ഇതേ വിഷയത്തിന്റെ ഭാഗമായി കുവൈത്തിലെത്തിയ ഒമാന്‍ വിദേശകാര്യ വകുപ്പ് മന്ത്രി യൂസഫ് ബിന്‍ അലവി ബിന്‍ അബ്ദുള്ളയുമായി ബയാന്‍ പാലസില്‍ കൂടിക്കാഴ്ചയും.
മേഖലയില്‍ പ്രതിസന്ധികളുണ്ടായപ്പോഴെല്ലാം ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുവൈറ്റ് എന്നും മുന്നിട്ടിറങ്ങിയിരുന്നു. 2014-ല്‍ ഖത്തറുമായി സൗദി അടക്കമുള്ള രാജ്യങ്ങള്‍ നയതന്ത്രബന്ധം വിഛേദിച്ചപ്പോള്‍ ഇതേ നിലപാടായിരുന്നു കുവൈത്തിന്. യെമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കുവൈറ്റ് അമീറിന്റെ നേതൃത്വത്തില്‍ നടത്തിയ മധ്യസ്ഥശ്രമങ്ങള്‍ ആഗോളതലത്തില്‍ പ്രശംസ നേടിയിരുന്നു.
ജീവകാരുണ്യമേഖലയില്‍ അടക്കമുള്ള അമീറിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച് ഐക്യരാഷ്‌ട്ര സഭ 2014-ല്‍ അദ്ദേഹത്തെ മേഖലയിലെ മാനുഷിക നേതാവെന്നും കുവൈറ്റിനെ മാനുഷിക കേന്ദ്രമെന്ന പദവി നല്‍കിയും ആദരിച്ചിരുന്നു.1963 മുതല്‍ 2003 വരെ കുവൈറ്റ് വിദേശകാര്യമന്ത്രിയായിരുന്ന അമീറിന്റെ നയതന്ത്രജ്ഞത വിജയം കാണുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
