ചെന്നൈ: സ്വന്തം അച്ഛന്റെ കാറ് മോഷ്ടിക്കാന്‍ ഫേസ്ബുക്ക് സുഹൃത്തിന് ക്വട്ടേഷന്‍ കാെടുത്ത യുവതി പിടിയില്‍. ചെന്നൈയിലെ കോടാമ്പാക്കം സ്വദേശിയായ ഷണ്‍മുഖരാജന്‍ എന്നയാളുടെ കാറ് മോഷ്ടിക്കുന്നതിനാണ് സ്വന്തം മകള്‍ തന്നെ കൊട്ടേഷന്‍ നല്‍കിയത്. മോഷ്ടാവ് പിടിയിലായപ്പോഴാണ് പിന്നില്‍ പ്രവര്‍ത്തിച്ചത് സ്വന്തം മകള്‍ തന്നെയാണെന്ന് ഇയാള്‍ അറിഞ്ഞത്. 

കാര്‍ നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി ഷണ്‍മുഖരാജന്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന മോഷണ വിവരം പുറത്തറിഞ്ഞത്. ഷണ്‍മുഖരാജന്റെ മകള്‍ അവളുടെ ഫെയ്സ്ബുക്ക് സുഹൃത്തായ ചന്ദ്രു എന്നയാള്‍ക്കാണ് കൊട്ടേഷന്‍ നല്‍കിയത്. കാര്‍ നഷ്ടപ്പെടുന്നതിന് മുമ്പ് ചന്ദ്രുവും ഷണ്‍മുഖരാജന്റെ മകളും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി. 

സ്വന്തം അച്ഛന്‍റെ കാറ് മോഷ്ടിക്കാനുള്ള കാരണം അറിഞ്ഞപ്പോഴാണ് പോലീസും പിതാവും അമ്പരന്നത്. ആവശ്യപ്പെട്ട പണം പിതാവ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് യുവതി പിതാവിന്റെ മഹീന്ദ്ര സൈലോ കാര്‍ മോഷ്ടിക്കാന്‍ സുഹൃത്തിന് കൊട്ടേഷന്‍ നല്‍കിയത്. യുവതിയുടെ കൊട്ടേഷന്‍ ഏറ്റെടുത്ത ചന്ദ്രു ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് കാര്‍ മോഷ്ടിച്ചത്. തുടര്‍ന്ന് കാര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പിടിയിലായി. 

പോലീസിന്റെ ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായ ഉത്തരങ്ങള്‍ നല്‍കിയതോടെയാണ് ഷണ്‍മുഖരാജന്റെ മകള്‍ക്ക് മോഷണത്തിലുള്ള പങ്ക് വ്യക്തമായത്. ചന്ദ്രുവിനെ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയ ശേഷം ജയിലിലേക്ക് അയച്ചു. അതേസമയം യുവതിയെ താക്കീത് നല്‍കി വിട്ടയച്ചു.