ലക്നോ: ഉത്തര്‍പ്രദേശില്‍ കയര്‍ത്ത് സംസാരിച്ച ബിജെപി പ്രവര്‍ത്തകരുടെ വായടപ്പിച്ച വനിതാ പോലീസ് ഓഫീസറുടെ വീഡിയോ വൈറലാകുന്നു. ട്രാഫിക് നിയമലംഘനം നടത്തിയ ബിജെപി നേതാവ് പ്രമോദ് ലോധിയെ അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ സംഘമായി പൊലീസ് സ്റ്റേഷനിലെത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ശ്രേഷ്‌ടാ താക്കൂറിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ ഒന്നടങ്കം എതിര്‍പ്പുയര്‍ത്തിയിട്ടും അവര്‍ക്കെല്ലാം അതേനാണയത്തില്‍ മറുപടി നല്‍കിയ വനിതാ ഫോലീസ് ഓഫീസറുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ബിജെപി പ്രവര്‍ത്തകരോട് നിങ്ങള്‍ മുഖ്യമന്ത്രിയുടെ അടുത്തുപോയി പോലീസിന് വാഹനങ്ങള്‍ പരിശോധിക്കാന്‍ അധികാരമില്ലെന്ന ഉത്തരവുകൊണ്ടു വരൂ എന്നു പറഞ്ഞ ശ്രേഷ്‌ട രാത്രി കുട്ടികളെയും കുടുംബത്തെയും പോലും ഉപേക്ഷിച്ച് ഞങ്ങളെപ്പോലുള്ളവര്‍ ജോലിചെയ്യുന്നത് തമാശയ്‌ക്കല്ലെന്നും ഡ്യൂട്ടി ചെയ്യാനാണെന്നും പറഞ്ഞു.

എന്നിട്ടും പോലീസിനെതിരെ പ്രകോപനപരമായി മുദ്രാവാക്യം വിളി തുടര്‍ന്നവരോട് പൊതുസ്ഥലത്ത് സംഘര്‍ഷം സൃഷ്‌ടിക്കാന്‍ ശ്രമിച്ചിതന്റെ പേരില്‍കൂടി കേസെടുക്കുമെന്ന് ശ്രേഷ്‌ടാ താക്കൂര്‍ പറഞ്ഞു. ബിജെപിക്ക് ചീത്തപ്പേരുണ്ടാക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെന്നും ഇങ്ങനെപോയാല്‍ അധികം വൈകാതനെ നിങ്ങളെ ബിജെപി ഗുണ്ടകളെന്ന് ജനം വിളിക്കുമെന്നും ശ്രേഷ്‌ട പറഞ്ഞു.