കൊച്ചി: കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ നടന്‍ ദിലീപിന്‍റെ വാദം തള്ളി നടനും സംവിധായകനുമായ ലാൽ രംഗത്ത്. സുനിയുമായി നടിക്ക് ദീർഘകാലത്തെ പരിചയമില്ലെന്നും ഗോവയിലെ ഷൂട്ടിംഗിനിടെ ഒരു ദിവസത്തെ പരിചയം മാത്രമാണുള്ളതെന്ന് ലാല്‍ പറഞ്ഞു. ഇവർ ദീർഘകാല പരിചയക്കാരെന്ന് താൻ പറഞ്ഞിട്ടില്ലെന്നും
ദിലീപ് പറഞ്ഞത് തെറ്റിദ്ധാരണമൂലമെന്ന് ലാൽ വ്യക്തമാക്കി.
കേസിൽ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ല. ദിലീപിന്‍റെ വളർച്ചയിൽ അസൂയയുള്ളവർ ധാരാളമുണ്ട്. നടിക്കെതിരായ സലീം കുമാറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശരിയായില്ലെന്നും
ഇക്കാര്യം സലീംകുമാറിനോട് പറഞ്ഞിട്ടുണ്ടെന്നും ലാല്‍ വ്യക്തമാക്കി.
ആക്രമിക്കപ്പെട്ട നടിക്ക് പ്രതിയായ സുനില്‍ കുമാറുമായി ദീര്‍ഘകാലത്തെ പരിചയമുണ്ടെന്നും ഇവര്‍ ഒരുമിച്ച് ഗോവയില്‍ ജോലി ചെയ്തെന്നും ലാല്‍ തന്നോട് പറഞ്ഞതായി ദിലീപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വാദമാണ് ലാല്‍ തള്ളിക്കളഞ്ഞത്.
ഇതിനിടെ സംഭവത്തിലെ മുഖ്യപ്രതി സുനിൽകുമാർ നടൻ ദിലീപിനയച്ച കത്തിലെ വിശദാംശങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുന്നു. കത്തിൽ പരാമർശിച്ച സംഭവങ്ങൾക്ക് നടിയെ ആക്രമിച്ച സംഭവവുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഇതിനിടെ തന്‍റെ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെതിരെ ദീലീപ് ഉന്നത പൊലീസ് കേന്ദ്രങ്ങളെ അമർഷം അറിയിച്ചെന്നാണ് സൂചന.
