ഉരുള്‍പൊട്ടലില്‍ ആറ് പേര്‍ മരിച്ച മലപ്പുറത്തെ ചെട്ടിയാംപാറയിലേക്കും സമീപ്രേദശങ്ങളിലേക്കും തിരിച്ചെത്താന്‍ പേടിക്കുകയാണ് അവിടെ താമസിച്ചിരുന്നവര്‍. വേറെയെവിടെയെങ്കിലും സ്ഥലവും വീടും അനുവദിക്കണമെന്നാണ് ക്യാംപുകളില്‍ കഴിയുന്ന ഇവരുടെ ആവശ്യം.
മലപ്പുറം: ഉരുള്‍പൊട്ടലില്‍ ആറ് പേര്‍ മരിച്ച മലപ്പുറത്തെ ചെട്ടിയാംപാറയിലേക്കും സമീപ്രേദശങ്ങളിലേക്കും തിരിച്ചെത്താന്‍ പേടിക്കുകയാണ് അവിടെ താമസിച്ചിരുന്നവര്‍. വേറെയെവിടെയെങ്കിലും സ്ഥലവും വീടും അനുവദിക്കണമെന്നാണ് ക്യാംപുകളില്‍ കഴിയുന്ന ഇവരുടെ ആവശ്യം.
ഉരുള്‍പൊട്ടലുണ്ടായ ചെട്ടിയാംപാറയുടെ താഴ്ഭാഗമായ മതില്‍മൂലയിലായിരുന്നു ഷാജിയുടെ വീട്. 40 കുടുംബങ്ങള്‍ താമസിച്ചിരുന്ന ഇവിടെ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മഴ മാറിയാലും തിരിച്ചെത്താന്‍ ഇവര്‍ക്കെല്ലാം പേടിയാണ്. ചെട്ടിയാംപാറയില്‍ ഇനിയും ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ചെട്ടിയാംപാറക്ക് മുകളിലുള്ള ആഡ്യന്‍പാറ പിലാക്കല്‍ചോല കോളനിയില്‍ താമസിച്ചിരുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും ഇതേ ആശങ്കയിലാണ്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കും. എന്നാല്‍ സുരക്ഷിതമായ സ്ഥലത്ത് സ്ഥലം കൂടി കണ്ടെത്തിത്തരണമെന്ന ആഭ്യര്‍ത്ഥനയാണ് ഇവര്‍ക്ക്.
