രാജ്യത്ത് പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകളുടെ നിയന്ത്രിതമായ ഉപയോഗം 72 മണിക്കൂര്‍ കൂടി നീട്ടി. അവശ്യ സേവനങ്ങള്‍ക്കായി ഇന്ന് വരെയാണ് പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി ഉണ്ടായിരുന്നത്. ഇതാണ് നാല് ദിവസത്തേക്ക് കൂടി നീട്ടിയത്. ഇതനുസരിച്ച് റെയില്‍വേ സ്റ്റേഷന്‍, പെട്രോള്‍ പമ്പുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, കെ.എസ്.ആര്‍.ടി.സി ബസ്, വിമാന യാത്രാക്കൂലികള്‍ തുടങ്ങിയവയ്ക്കായി 500, 1000 രൂപാ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. ഫോണ്‍ ബില്ലടയ്ക്കാന്‍ ബി.എസ്.എന്‍.എല്‍ ഓഫീസുകളിലും വൈദ്യുതി ബില്ലടയ്ക്കാനും വെള്ളക്കരം അടയ്ക്കാനും പഴയ നോട്ടുകള്‍ ഈ ദിവസങ്ങളില്‍ ഉപയോഗിക്കാം. തിങ്കളാഴ്ച വരെ രാജ്യത്ത് ടോള്‍ പിരിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ജനങ്ങള്‍ക്കുള്ള പ്രയാസം കണക്കിലെടുത്താണ് 72 മണിക്കൂര്‍ കൂടി ഇളവ് അനുവദിച്ചത്.