ജിദ്ദ: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ശനിയാഴ്ച അവസാനിക്കും. സേവനങ്ങള്‍ മെച്ചപ്പെട്ടതിനാല്‍ ഇത്തവണ ഇന്ത്യന്‍ ഹാജിമാരുടെ പരാതികള്‍ കുറവാണെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. അതേസമയം വെള്ളിയാഴ്ചയിലെ തിരക്ക് പരിഗണിച്ചു ഹറം പള്ളിയില്‍ പോകുന്ന തീര്‍ഥാടകര്‍ക്ക് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി.

ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം തീര്‍ഥാടകര്‍ ഇതിനകം ഹജ്ജിനെത്തി. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ശനിയാഴ്ച അവസാനിക്കും. മുംബെ, അഹമദാബാദ്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നും പതിമൂന്ന് സര്‍വീസുകള്‍ കൂടിയാണ് ഇനി ബാക്കിയുള്ളത്. കൊച്ചിയില്‍ നിന്നും ശനിയാഴ്ച രാത്രി പതിനൊന്നേ മുക്കാലിന് ജിദ്ദയിലെത്തുന്ന സൗദി എയര്‍ലൈന്‍സ് വിമാനമായിരിക്കും ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള അവസാനത്തെ വിമാന സര്‍വീസ്. മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിനാല്‍ ഇത്തവണ തീര്‍ഥാടകരില്‍ നിന്നുള്ള പരാതികള്‍ കുറവാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹജ്ജ് കോണ്‍സുല്‍ ഷാഹിദ് ആലം പറഞ്ഞു. ഹജ്ജ് മിഷന്‍ പ്രതിനിധികള്‍ കെട്ടിടങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും പരാതികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാനുള്ള സംവിധാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വെള്ളിയാഴ്ച മക്കയില്‍ തിരക്ക് കൂടുമെന്നതിനാല്‍ ജുമുഅ നിസ്കാരത്തിനു പോകുന്ന തീര്‍ഥാടകര്‍ രാവിലെ ഒമ്പത് മണിക്ക് മുമ്പ് തന്നെ ഹറം പള്ളിയില്‍ എത്തണമെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ നിര്‍ദേശിച്ചു. തിരക്ക് പരിഗണിച്ച് നഗരത്തില്‍ നേരത്തെ ഗതാഗത നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജുമുഅ നിസ്കാരം കഴിഞ്ഞു ചുരുങ്ങിയത് ഒരു മണിക്കൂറിന് ശേഷമേ മടങ്ങാവൂ. പള്ളിയില്‍ പോകുമ്പോള്‍ അത്യാവശ്യം വേണ്ട കുടിവെള്ളം, ജ്യൂസ്, പഴങ്ങള്‍, ബിസ്കറ്റ് തുടങ്ങിയവ കൈവശം വെക്കുന്നത് നന്നായിരിക്കുമെന്നും ഇന്ത്യന്‍ ഹജ്ജ് മിഷന്‍റെ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.