ചൂടന്‍ വാദങ്ങള്‍ക്കിടെ  പിരിമുറുക്കത്തിന് അയവ് വരുത്തി  ഇടക്കിടെ തമാശകളും പൊട്ടിച്ചിരികളും കോടതി മുറിയിൽ നിറ‍ഞ്ഞു

ദില്ലി:അത്യന്തം നിറഞ്ഞു നിന്ന നാടകീയതയ്ക്കൊപ്പം തമാശകള്‍ കൂടി നിറഞ്ഞതായിരുന്നു കര്‍ണാടക സർക്കാർ രൂപീകരണം സംബന്ധിച്ച ഇന്നത്തെ സുപ്രീംകോടതി നടപടികള്‍. രാജ്യം മുഴുവന്‍ ആകാംക്ഷയോടെ ശ്രദ്ധിച്ച വാദങ്ങള്‍ക്കിടെ എം എല്‍ എമാരെ പാര്‍പ്പിച്ച റിസോര്‍ട്ടിന്‍റെ ഉടമയും കടന്നുവന്നത് കോടതി മുറിക്കുള്ളില്‍ കൂട്ടച്ചിരി ഉയര്‍ത്തി

സുപ്രീംകോടതിയിലെ ആറാം നമ്പർ കോടതി മുറിയായാരിന്നു ഇന്ന് രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രം. കോടതി തുടങ്ങുന്നതിന് അരമണിക്കൂര്‍ മുൻപേ തന്നെ കോടതിമുറി നിറഞ്ഞുകവിഞ്ഞു. കര്‍ണാകടത്തില്‍ നിന്നുള്ള രാഷ്ട്രീയക്കാരും അഭിഭാഷകരും മറ്റും കൂട്ടമായി എത്തിയതോടെ പല മുതിര്‍ന്ന അഭിഭാഷകര്‍ക്ക് പോലും അകടത്ത് കടക്കാനാവാത്ത അവസ്ഥ. 

കേസ് വാദിക്കാന്‍ എത്തിയത് രാജ്യത്തെ മുന്തിയ അഭിഭാഷകര്‍. ബിജെപിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ മുകള്‍ റോത്തഗി,കോണ്‍ഗ്രസിനായി അഭിഷേക് മനു സിംഗ്്വി, എച്ച്ഡി കുമാരസ്വാമിക്കായി കോൺ​ഗ്രസ് നേതാവ് കബില്‍ സിബല്‍.ഇതിനെല്ലാം പുറമേ 94 ാം വയസ്സില് അഭിഭാഷക ജോലിയില്‍ നിന്ന് വിരമിച്ച മുതിർന്ന അഭിഭാഷകൻ രാം ജെത് മലാനി സ്വന്തം നിലയിലും കോടതി മുറിയിലെത്തിയതോടെ ചരിത്രപരമായ വാദപ്രതിവാദത്തിനും വിധിന്യായത്തിനും അരങ്ങൊരുങ്ങി. 

മൂന്ന് ജഡ്ജിമാരും വന്നതോടെ വാദവും തുടങ്ങി, ചൂടന്‍ വാദങ്ങള്‍ക്കിടെ പിരിമുറുക്കത്തിന് അയവ് വരുത്തി ഇടക്കിടെ തമാശകളും പൊട്ടിച്ചിരികളും കോടതി മുറിയിൽ നിറ‍ഞ്ഞു. ഭൂരിപക്ഷം അവകാശപ്പെട്ട് ഗവര്‍ണര്‍ക്ക് കൊടുത്ത കത്ത് മുകുള്‍ റോത്തഗി ഹാജരാക്കിയപ്പോഴായിരുന്നു ആദ്യ തമാശ. കത്തില്‍ എം എല്‍ എമാരുടെ പേരുകളൊന്നും ഇല്ലല്ലോ എന്ന ചോദ്യത്തിന് ഞങ്ങൾക്ക് കോണ്‍ഗ്രസിലെയും ജെഡിഎസ്സിലേയും പല എംഎല്‍എമാരുടേയും പിന്തുയണയുണ്ടെന്നും പേരൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നുമായിരുന്നു റോത്തഗിയുടെ മറുപടി.

മുകള്‍ റോത്തഗി‍: വോട്ടെടുപ്പ് തിങ്കളാഴ്ച്ച വരെയെങ്കിലും മാറ്റിവയ്ക്കണം
കോടതി:അതെന്തിനാണ്...?
മുകള്‍ റോത്തഗി‍: ഞങ്ങളെ പിന്തുണയ്ക്കുന്നവരെയെല്ലാം ഇവര്‍ പൂട്ടിയിട്ടിരിക്കുകയാണ്... 

നാളെ തന്നെ വിശ്വസവോട്ടെടുപ്പ് വേണമെന്ന് കോടതി പറഞ്ഞപ്പോള്‍ തിങ്കളാഴ്ച വരെയെങ്കിലും മാറ്റിവയ്ക്കണം എന്നായി റോത്തഗി. അത് എന്തിനാണെന്ന ചോദ്യത്തിന് കോൺ​ഗ്രസും ജെ‍ഡിഎസ്സും എം.എല്‍.എമാരെ കര്‍ണാടകത്തിന് പുറത്ത് പൂട്ടിയിട്ടിരിക്കുകയാണന്ന് റോത്തഗി മറുപടി പറഞ്ഞതോടെ കോടതി മുറിയില്‍ കൂട്ടിച്ചിരി നിറഞ്ഞു. 

ഇതിനിടെ എം.എല്‍.എമാരെ പാര്‍പ്പിച്ച റിസോര്‍ട്ട് ഉടമയുമായി ബന്ധപ്പെട്ട പരാമർശവും കടന്നുവന്നു. ബെഞ്ചിന്റെ തലവനായ ജസ്റ്റിസ് എ.കെ.സിക്രി തന്നെയാണ് ഇതുമായി ബന്ധപ്പെട്ട വാട്സാപ്പ് സന്ദേശം പരമാര്‍ശിച്ചത്. തന്‍റെ റിസോര്‍ട്ടില്‍ 117 എം.എല്‍.എമാരുണ്ടെന്നും അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയാക്കാമോ എന്ന് റിസോര്‍ട്ട് ഉടമ ഗവര്‍ണറോട് അഭ്യര്‍ഥിക്കുന്നതായിട്ടായിരുന്നു ആ വാട്സ് അപ് സന്ദേശം.