സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ പ്രളയസെസ് ഏര്‍പ്പെടുത്തുകയും, ഫെസ്റ്റിവലുകള്‍ ഒഴിവാക്കുകയും ചെയ്യുമ്പോഴാണ് കോടികള്‍ ധൂര്‍ത്തടിച്ചുള്ള ആയിരദിനാഘോഷം

കോഴിക്കോട്: പ്രളയ പരാധീനതകള്‍ക്കിടയിലും ഒമ്പതരക്കോടി രൂപയാണ് ആയിരം ദിനാഘോഷം പൊടിപൊടിക്കാന്‍ സര്‍ക്കാര്‍ വകമാറ്റിയിരിക്കുന്നത്. ആയിരംദിന നേട്ടങ്ങളായി അവകാശപ്പെടുന്നതില്‍ പലതും യാഥാര്‍ത്യവുമായി പൊരുത്തപ്പെടുന്നവയുമല്ല. 

പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു, ഇനി നവ കേരള നിര്‍മ്മാണം. ഇതാണ് ആയിരം ദിനം പൂര്‍ത്തിയാക്കുന്ന സര്‍ക്കാരിന്‍റെ അവകാശ വാദം. എല്ലാ ജില്ലകളിലും എക്സിബിഷന്‍, സെമിനാറുകള്‍, സാംസ്കാരിക സംഗമം എന്നിങ്ങനെയാണ് ഒരാഴ്ച നീളുന്ന പരിപാടികള്‍. ഉദ്ഘാടനം സമ്മേളനം കോഴിക്കോട് വെച്ച് നടക്കും, സമാപനം തിരുവന്തപുരത്തുമാകും.

നിയമസഭയില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച കണക്ക് പ്രകാരം 9.54 കോടി രൂപയാണ് പരിപാടികള്‍ക്കായി മാറ്റി വയ്ക്കുന്നത്. സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ പ്രളയസെസ് ഏര്‍പ്പെടുത്തുകയും, ഫെസ്റ്റിവലുകള്‍ ഒഴിവാക്കുകയും ചെയ്യുമ്പോഴാണ് കോടികള്‍ ധൂര്‍ത്തടിച്ചുള്ള ആയിരദിനാഘോഷം. 

1,55000 പേര്‍ക്ക് പേര്‍ക്ക് നിയമനം നല്‍കി, ഭദ്രമായ ക്രമസമാധാനം, പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കി എന്നിങ്ങനെ പോകുന്നു ആയിരം ദിനത്തിലെ നേട്ടങ്ങള്‍. എന്നാല്‍, സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഒരു ലക്ഷം നിയമനം പോലും നടന്നിട്ടില്ലെന്നാണ് ഇക്കഴി‍ഞ്ഞ നിയമസഭ സമ്മേളനത്തില്‍ മുഖ്യമന്ത്രി രേഖാ മൂലം നല്‍കിയ മറുപടിയിലൂടെ വ്യക്തമാകുന്നത്. സര്‍ക്കാര്‍ വകുപ്പുകളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലുമായി 96183 പേര്‍ നിയമിതരായെന്നാണ് ഡിസംബര്‍ മുപ്പത്തിയൊന്ന് വരെയുള്ള കണക്ക് ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞത്. 

കഴിഞ്ഞ ഒന്നരമാസത്തിനിടെ പതിനായിരത്തില്‍ താഴെ നിയമനങ്ങളെ നടന്നിട്ടുള്ളൂവെന്നാണ് പിഎസ്എസിയില്‍ നിന്ന് ലഭ്യമായ വിവരം. ക്രമസമാധാന നില ഭദ്രമെന്ന് പറയുന്നിടത്ത് അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് തവണ സംസ്ഥാന പോലീസ് മേധാവിയെ ഗവര്‍ണ്ണര്‍ വിളിപ്പിച്ചിരുന്നുവെന്നും നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്.