തിരുവനന്തപുരം: ലോ അക്കാദമിയിലെ സമരവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ മന്ത്രി സി രവീന്ദ്രനാഥുമായി നടത്തിയ ചര്‍ച്ച പരാജയമായി. പ്രിന്‍സിപ്പാള്‍ ലക്ഷ്‌മി നായര്‍ മാറി നില്‍ക്കാമെന്ന നിര്‍ദ്ദേശം സമരക്കാര്‍ അംഗീകരിച്ചില്ല. രാജിയില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് സമരക്കാര്‍ നിലപാട് എടുത്തതോടെ മന്ത്രിയുമായി രൂക്ഷമായ തര്‍ക്കമുണ്ടായി. മാനേജ്മെന്റ് നിര്‍ദ്ദേശം അംഗീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ സമരക്കാര്‍ ആ ആവശ്യം തള്ളിക്കളഞ്ഞു. രൂക്ഷമായ തര്‍ക്കത്തിനൊടുവില്‍ മന്ത്രി ക്ഷുഭിതനായി ഇറങ്ങിപ്പോകുകയായിരുന്നു. ചര്‍ച്ച പൂര്‍ത്തിയാക്കാതെയാണ് മന്ത്രി ഇറങ്ങിപ്പോയത്. നേരത്തെ എസ്എഫ്ഐയുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ ധാരണകള്‍ എല്ലാ വിദ്യാര്‍ത്ഥികളും അംഗീകരിക്കണമെന്നാണ് മാനേജ്മെന്റ് പ്രതിനിധികള്‍ ചര്‍ച്ചയ്ക്കിടെ ആവശ്യപ്പെട്ടത്.

ചര്‍ച്ചയ്‌ക്ക് എത്തിയ വിദ്യാര്‍ത്ഥികളോട് മന്ത്രി ക്ഷുഭിതനായതായി സമരക്കാര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മന്ത്രിയുടെ ഇറങ്ങിപ്പോക്ക് ഉള്‍ക്കൊള്ളാനാകില്ലെന്ന് എഐഎസ്എഫ് നേതാക്കള്‍ പറഞ്ഞു. പ്രിന്‍സിപ്പാള്‍ രാജിവയ്ക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയ്‌ക്ക് ശേഷം വ്യക്തമാക്കി. മന്ത്രി മാനേജ്‌മെന്റിനൊപ്പമാണെന്നും സമരക്കാര്‍ ആരോപിച്ചു. പുതിയതായി ഒരു നിര്‍ദ്ദേശവും വന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ ക്ലാസ് തുടങ്ങുമെന്ന് ചര്‍ച്ചയ്‌ക്കുശേഷം മാനേജ്‌മെന്റ് പ്രതിനിധി വ്യക്തമാക്കി.