ലോ അക്കാദമി സമരം ആരംഭിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് എസ്.എഫ്.ഐ സമര രംഗത്തെത്തിയത്. മാനേജ്മെന്റുമായി ഒത്തുതീര്‍പ്പ് കരാറുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി രണ്ട് ദിവസം മുമ്പ് എസ്.എഫ്.ഐ സമരം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഏകപക്ഷീയമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചിട്ടുള്ളത്. കെ.എസ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ് തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും ഒരു വിദ്യാര്‍ത്ഥി സംഘടനയുടെയും പേരിലല്ലാതെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളും സമര രംഗത്തുണ്ട്. എസ്.എഫ്.ഐയുമായി മാനേജ്മെന്റ് ഉണ്ടാക്കിയെന്ന് പറയപ്പെടുന്ന കരാറിന് ഒരു നിയമപ്രാബല്യവും ഉണ്ടാവില്ലെന്നും കോടതിയെ സമീപിച്ച് ലക്ഷ്മി നായര്‍ക്ക് സ്ഥാപനത്തില്‍ തിരികെയെത്താന്‍ കഴിയുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അതേസമയം ലക്ഷ്മി നായരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും പുതിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സമരം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് കെ. മരളീധരന്‍ ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബിജെപി നേതാവ് വി.വി രാജേഷ് കോളേജിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരവും തുടരുകയാണ്.