തിരുവനന്തപുരം: ലോ അക്കാദമി സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മരിച്ച വൃദ്ധന്റെ കുടുംബത്തിന് കൈതാങ്ങുമായി കോളേജിലെ വിദ്യാര്‍ത്ഥികള്‍. അബ്ദുള്‍ ജബ്ബാറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ലോ അക്കാദമിയില്‍ സമാധാനപരമായി നടന്നിരുന്ന വിദ്യാര്‍ത്ഥി സമരത്തിന്റെ രൂപം മാറിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ചൊവ്വാഴ്ച അക്കാദമിക്ക് മുന്നില്‍ മരത്തിന് മുകളില് കയറിയും പെട്രോള്‍ ഒഴിച്ചുമുള്ള വിദ്യാര്ത്ഥികളുടെ ആത്മഹത്യ ഭീഷണികള്‍ക്കിടയെയാണ് പൊലീസ് ജലപീരങ്കിയടക്കം പ്രയോഗിച്ചു. 

തലസ്ഥാനത്തെ നിശ്ചലമാക്കിയ മണിക്കൂറുകള്‍ നീണ്ട ഈ സംഘര്‍ഷത്തിന് ഇടയിലാണ് മണക്കാട് സ്വദേശി അബ്ദുള്‍ ജബ്ബാറിന്റെ ദാരുണ അന്ത്യം. എന്നാല്‍ സമര വിജയത്തിന് ഇടയിലും അക്കാദമിയെ കുട്ടികള്‍ ജബ്ബാറിന്റെ കുടുംബത്തെ മറന്നില്ല. മണക്കാട്ടെ വീട്ടില്‍ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികളും വിദ്യാര്‍ത്ഥി സംഘടന നേതാക്കളും എത്തി കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചു.