ഉത്തര്‍പ്രദേശില്‍ ആദിത്യനാഥിന്‍റെ മന്ത്രിസഭയില്‍ നിന്ന് തന്നെ വിമതസ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങി. ഉത്തര്‍പ്രദേശിലെ ക്രമസമാധാനം ഒരു തമാശയായി മാറിയെന്ന ആദ്യവെടി പൊട്ടിച്ചത് യോഗി ആദിത്യനാഥിന്‍റെ മന്ത്രിസഭയിലെ പിന്നാക്ക വികസനകാര്യ മന്ത്രി ഓം പ്രകാശ് രാജ്ഭാര്‍ ആണ്.
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ആദിത്യനാഥിന്‍റെ മന്ത്രിസഭയില്‍ നിന്ന് തന്നെ വിമതസ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങി. ഉത്തര്‍പ്രദേശിലെ ക്രമസമാധാനം ഒരു തമാശയായി മാറിയെന്ന ആദ്യവെടി പൊട്ടിച്ചത് യോഗി ആദിത്യനാഥിന്‍റെ മന്ത്രിസഭയിലെ പിന്നാക്ക വികസനകാര്യ മന്ത്രി ഓം പ്രകാശ് രാജ്ഭാര്‍ ആണ്.
രാത്രി ജോലികഴിഞ്ഞ് വരുകയായിരുന്ന ആപ്പിള്‍ എക്‌സിക്യൂട്ടീവ് വിവേക് തിവാരിയെ(38) വെടിവെച്ച് കൊന്ന സംഭവത്തിലാണ് മന്ത്രിസഭയിലെ അംഗം തന്നെ രംഗത്തെത്തിയിരിക്കുന്നത്. ആപ്പിള്‍ എക്‌സിക്യൂട്ടീവ് വിവേക് തിവാരിയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം അദ്ദേഹം അവശ്യപ്പെട്ടു. യുപിയിലെ ക്രമസമാധാന പാലനം പോലീസ് കോമഡിയായി താഴ്ത്തിക്കെട്ടിരിക്കുകയാണ്. സംഭവം മൂടിവെക്കാനാണ് പോലീസിന്‍റെ ശ്രമമെന്നും ഓം പ്രകാശ് രാജ്ഭാര്‍ ആരോപിച്ചു. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ ഘടകക്ഷിയായ സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) നേതാവും പിന്നാക്ക വികസനകാര്യ മന്ത്രിയുമാണ് ഓം പ്രകാശ് രാജ്ഭാര്‍.
ഒരു സാധാരണ പൗരനെ പോലീസുകാർ കൊലപ്പെടുത്തി, ഏറ്റുമുട്ടൽ എന്ന പേരിൽ പോലീസ് പണത്തിനായി ആളുകളെ കൊല്ലുന്നു. അതേസമയം ക്രമസമാധാന നില ഒരു തമാശയാവുകയാണ്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിൽ യോഗി പരാജയപ്പെട്ടെന്നും ഓം പ്രകാശ് രാജ്ഭാര്‍ ട്വീറ്റിൽ എഴുതി. ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും അദ്ദേഹം തുറന്നടിച്ചു.
വിവേവ് തിവാരിയുടെ മരണത്തില്‍ യുപിയില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് മന്ത്രിസഭയിലെ അംഗം തന്നെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷത്തിന്‍റെ വിമര്‍ശനങ്ങള്‍ക്കിടെ സ്വന്തം മന്ത്രിസഭയില്‍ നിന്ന് തന്നെ ആരോപണം നേരിടേണ്ടി വന്നത് ആദിത്യനാഥ് സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.
