തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകര്‍ക്ക് സസ്പെന്‍ഷന്‍. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നത്തില്‍ ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തിലെടുത്ത തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി മാധ്യമസ്ഥാപനങ്ങള്‍ക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്തതിനാണ് ഒമ്പത് പേരെ സസ്പെന്‍ഡ് ചെയ്തത്.
തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് തന്നെ മാധ്യമങ്ങളുടെ വക്കാലത്ത് ഏറ്റെടുത്തതിന് കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ ഒമ്പതുപേരെ സസ്പെന്‍റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ കൊച്ചിയിലും തലസ്ഥാനത്തുമടക്കം ഉണ്ടായ സംഘരഷങ്ങള്‍ക്ക് ശേഷം, അഭിഭാഷകരെ വിമര്‍ശിച്ച സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശം വാര്‍ത്തയാക്കിയതിന് എതിരെ അഡ്വ.ദീപക് നല്‍കിയ അപകീര്‍ത്തി കേസാണ് ഇപ്പോഴത്തെ നടപടിക്ക് ആധാരം.
ഈ കേസില്‍ വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകരെയാണ് സസ്പെന്‍ഡ് ചെയ്തതത്. കീര്‍ത്തി ഉമ്മന്‍ രാജന്‍, ജെ.സനല്‍കുമാര്‍, എസ്.അജിത്കുമാര്‍, ഷിഹാബുദ്ദീന്‍ കാരിയത്ത്, ജി.എസ് പ്രകാശ്, പ്രദീപ് കുമാര്‍, ശ്രീജ ശശിധരന്‍, എസ്.ജോഷി, എന്‍.ബിനു, തുടങ്ങി ഒമ്പത് പേരുടെ പ്രാഥമിക അംഗത്വം റദ്ദാക്കി. നാളെ ചേരുന്ന ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം വിഷയം ചര്‍ച്ച ചെയ്യും.
