തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനം വൈകുന്നതിനിടെ എല്‍ഡിഎഫില്‍ പൊട്ടിത്തെറി. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതോടെയാണ് എല്‍ഡിഎഫിലെ ഭിന്നത് മറനീക്കി പുറത്തുവന്നത്. ഇക്കഴിഞ്ഞ മുന്നണിയോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഐ കര്‍ക്കശ നിലപാടാണ് സ്വീകരിച്ചത്. ഒരുഘട്ടത്തില്‍ തോമസ് ചാണ്ടിയെ പിന്തുണച്ചിരുന്ന സിപിഎം നേതൃത്വം പിന്നീട് നിലപാട് മാറ്റാന്‍ കാരണമായത്, സിപിഐയുടെ കര്‍ക്കശനിലപാടാണ്. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടതോടെയാണ് രംഗം ശാന്തമായത്. എന്നാല്‍, ഇന്നുരാവിലെ തോമസ് ചാണ്ടിയുമായി കൂടിക്കാഴ്‌ച നടത്തിയെങ്കിലും മുഖ്യമന്ത്രി രാജിക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിരുന്നില്ല. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തോമസ് ചാണ്ടിയെ പങ്കെടുക്കാന്‍ അനുവദിക്കുകയും ചെയ്തു. ഇതോടെ സിപിഐ മന്ത്രിമാര്‍ പരസ്യനിലപാട് സ്വീകരിക്കുകയായിരുന്നു. പാര്‍ട്ടി നേതൃത്വവുമായി ആശയവിനിമയം നടത്തിയ സിപിഐ മന്ത്രിമാര്‍ പിന്നീട് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസില്‍ യോഗം ചേര്‍ന്ന് മന്ത്രിസഭായോഗം ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.