തൃശൂര്‍: കേരളാ കോണ്‍ഗ്രസ് എം, യുഡിഎഫ് വിട്ടതോടെ ഇരിങ്ങാലക്കുട നഗരസഭയില്‍ ഭരണ പ്രതിസന്ധിയുടെ സൂചന നല്‍കി നേതാക്കളുടെ വാക്‌പോര്. അവിഹിത സന്തതിയുമായി മുന്നോട്ടു പോകണമെന്നില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്‌സന് പറഞ്ഞു. നഗരസഭയില്‍ ഭരണം നിലനിര്‍ത്താന്‍ കേരളാ കോണ്‍ഗ്രസ് എം അംഗങ്ങളുടെ പിന്തുണ വേണോ എന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാമെന്ന് തോമസ് ഉണ്ണിയാടന്‍.
യുഡിഎഫ് വിട്ട് പ്രത്യേക ബ്ലോക്കാവാന്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം തീരുമാനിച്ചതോടെയാണ് ഇരിങ്ങാലക്കുടയിലെ പ്രതിസന്ധി മറനീക്കി പുറത്തുവരുന്നത്. ഇരിങ്ങാലക്കുട നഗരസഭയില്‍ എല്‍ഡിഎഫും യുഡിഎഫും പത്തൊമ്പത് സീറ്റ് വീതം നേടി തുല്യനിലയിലാണ്. ശേഷിച്ച മൂന്നു സീറ്റ് ബിജെപിയ്ക്ക്. എല്‍ഡിഎഫ് അംഗം ചെയ്ത വോട്ട് അസാധുവായതോടെയാണ് ഭരണം യുഡിഎഫിന്റെ കൈയ്യിലെത്തിയത്. കേരളാ കോണ്‍ഗ്രസ് മാണിവിഭാഗത്തിന് ഉള്ളത് രണ്ടംഗങ്ങള്‍. പുതിയ സാഹചര്യത്തില്‍ പ്രതിപക്ഷത്തിരിന്നാലും വേണ്ടില്ല, യുഡിഎഫ് വിട്ടവരുമായി അവിഹിത ബന്ധം തുടരില്ലെന്നാണ് കെപിസിസി ജനറല്‍ സെക്രട്ടറി എംപി ജാക്‌സന്റെ നിലപാട്.
എന്നാല്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണ വേണമോ വേണ്ടയോ എന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാമെന്നായിരുന്നു തോമസ് ഉണ്ണിയാടന്റെ പ്രതികരണം. കേരളാ കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ വേണ്ടെന്ന് ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് നിലപാടെടുക്കുന്നതോടെ ഭരണം എല്‍ഡിഎഫിന്റെ കൈയ്യിലേക്കെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
