കൊച്ചി: എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ക്കിടെ പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവലിന്‍ കേസ് ഹൈക്കോടതിയില്‍. പിണറായി വിജയനെ വെറുതെ വിട്ട കോടതി വിധി ചോദ്യം ചെയ്തുള്ള കേസില്‍ കക്ഷി ചേരാന്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതികള്‍ മൂന്നാഴ്ചക്കകം മറുപടി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കേസിലെ സുപ്രധാന കാര്യങ്ങള്‍ തനിക്ക് അറിയമെന്നും കേസില് കക്ഷി ചേര്‍ത്താല്‍ അഴിമതി തെളിയിക്കുന്ന രേഖകല്‍ ഹാജരാക്കാം എന്നുമാണ് ഹര്‍ജിക്കാരനായ ജീവന്റെ അവകാശ വാദം. കേസില്‍ ആരോപണവിധേയനായ ദിലീപ് രാഹുലന്റെ ബിസിനസ് പങ്കാളിയുടെ ഭാര്യ ഈ രേഖകള്‍ തനിക്കു കൈമാറിയിട്ടുണ്ട്. ലാവലിന്‍ കേസിലെ കോഴയിടപാട് സംബന്ധിച്ച രേഖകള്‍ ദിലീപ് രാഹുലന്‍, ബിസിനസ് പങ്കാളിയായ അന്റോണിയോ വര്‍ഗീസിനെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നു. അന്റോണിയോ ഇപ്പോള്‍ ജയിലിലാണ്. വീട് മാറാനുള്ള തയ്യാറെടുപ്പിനിടെയാണ് ഈ രേഖകള്‍ അന്റോണിയുടെ ഭാര്യക്ക് ലഭിച്ചതെന്നും ഹര്‍ജിയില്‍ ഉടന്‍വാദം കേള്‍ക്കണമെന്നും ജീവന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇത്തരമൊരു ഹര്‍ജി നല്‍കാന്‍ കേസുമായി ബന്ധമില്ലാത്ത ജീവന് ഒരു അവകാശവുമില്ലെന്നായിരുന്നു പിണറായി വിജയന്റെ അഭിഭാഷകനായ എം കെ ദാമോദരന്‍ വാദിച്ചത്. ഗൂഡലക്ഷ്യത്തോടെയാണ് ഹര്‍ജിയെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പ്രതികളും ഈവാദത്തെ അനുകൂലിച്ചു. ഗുഗിളില്‍ പോലും തിരഞ്ഞിട്ട് ഇങ്ങിനെ ഒരാളെ കണ്ടെത്താനായില്ലെന്നായിരുന്നു ഒരു പ്രതിയുടെ വാദം.ഇയാളുടെ പശ്ചാത്തലം അന്വേഷിക്കണം. എന്നിട്ട് മാത്രം കക്ഷി ചേര്‍ക്കുന്നത് പരിഗണിച്ചാല്‍ മതിയെന്നും പ്രതികള്‍വാദിച്ചു.
വളരെ കാലം സിബിഐ അന്വേഷിച്ച് കുറ്റപത്രം നല്‍കിയ കേസാണിതെന്ന് ജസ്റ്റിസ് രാജാ വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. സിബിഐ റിവിഷന്‍ ഹര്‍ജി നല്‍കിയത് 2014 ലാണ്. സര്‍ക്കാര്‍ ഉള്‍പ്പെടെ മറ്റുള്ളവര്‍ നല്‍കിയ റിവിഷന‍് ഹര്‍ജികളുടെ നിയമസാധുത പോലും തര്‍ക്കത്തിലാണ്. ഈ സാഹചര്യത്തില്‍ പെട്ടെന്ന് ഒരു ദിവസം ഒരാള്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ടാല്‍ എങ്ങിനെ അനുവദിക്കാന്‍ കഴിയുമെന്നായിരുന്നു ജഡ്ജിയുടെ മറുപടി. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് രേഖകള്‍ ലഭിച്ചതെന്നുമായിരുന്നു ജിവന്റെ അഭിഭാഷകന്‍റെ മറുപടി. തുടര്‍ന്ന് മൂന്നാഴ്ചക്കം ഹര്‍ജിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി പ്രതികളോട് ആവശ്യപ്പെടുകയായിരുന്നു.
