അന്തിമഫലം പത്തുമണിയോടെ ലഭ്യമാകും. അഭിപ്രായ സര്‍വേകളില്‍ മുന്‍തൂക്കം 'തുടരണം' എന്ന അഭിപ്രായത്തിനായിരുന്നു. ജിബ്രാള്‍ട്ടറിലും ന്യൂകാസിലിലും 'തുടരണം' പക്ഷത്തിന് ജയം. സന്‍ഡര്‍ലന്റില്‍ 'പിന്‍മാറണം' പക്ഷം ജയിച്ചു. ബ്രക്‌സിറ്റില്‍ ഇരുപക്ഷവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

കനത്ത മഴയെ അവഗണിച്ചും മികച്ച പോളിംഗാണ് ബ്രിട്ടന്റെ എല്ലാ മേഖലയിലും രേഖപ്പെടുത്തിയത്. 1973 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ബ്രിട്ടന്റെ ഹിതപരിശോധനാഫലത്തെ ലോകം ഏറെ ആകാഷയോടെയാണ് ഉറ്റുനോക്കുന്നത്. ബാലറ്റുപേപ്പറില്‍ ഒരൊറ്റ ചോദ്യമാണ് ഉണ്ടായിരുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ ഒരംഗമായി തുടരണോ അതോ വിട്ടുപോകണോ? ഇതിന് രണ്ടുത്തരങ്ങള്‍. തുടരണം. വിട്ടുപോകണം. റിമെയ്‌ന്‍‍, ലീവ്- ഈ രണ്ട് വാക്കുകളിലാണ് ബ്രിട്ടന്‍ ജനത ഇന്ന് രാഷ്ട്രീയമായി വിഭജിക്കപ്പെടുന്നത്.

ഇതില്‍ ഏത് വാക്കിനെതിരെയുള്ള ചതുരത്തില്‍ കൂടുതല്‍ ഗുണന ചിഹ്നങ്ങള്‍ വീണു എന്നതിനെ ആശ്രയിച്ചിരിക്കും യൂറോപ്യന്‍ യൂണിയന്റേയും ഭാവിഭാഗധേയം. യൂറോപ്യന്‍ യൂണിയന്റെ അറുപത് വര്‍ഷത്തെ ചരിത്രത്തിലേയും ഏറ്റവും നിര്‍ണ്ണായകമായി വിധിദിനം. ഇംഗ്ലണ്ട്, വെയ്ല്‍സ്, സ്‌കോട്ട്‌ലാന്റ്, വടക്കന്‍ അയര്‍ലാന്റ് തുടങ്ങിയ മേഖലകള്‍ നിന്നായി ഏതാണ്ട് 46.5 ദശലക്ഷം പേരാണ് ഹിതപരിശോധനയില്‍ അഭിപ്രായം രേഖപ്പെടുത്തുന്നത്. എല്ലാ പ്രവശ്യകളിലും മേഖലകളിലും ഹിതപരിശോധനയില്‍ പങ്കെടുക്കാന്‍ നല്ല തോതില്‍ ജനങ്ങള്‍ എത്തി. തെക്കുകിഴക്കന്‍ മേഖലയില്‍ കനത്ത മഴയെ അവഗണിച്ചും അതിനേക്കാള്‍ ശക്തമായ പോളിംഗ് നടന്നു.

യൂറോപ്യന്‍ യൂണിയനെ ആശയപരമായും രാഷ്ട്രീയമായും പ്രായോഗികമായും എതിര്‍ക്കുകയും യോജിക്കുകയും ചെയ്യുന്ന രണ്ട് രാഷ്ട്രീയ ധാരകള്‍ ഏറെക്കാലമായി ബ്രിട്ടനിലുണ്ട്. യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണവും ഉടമ്പടികളും ബ്രിട്ടന്റെ പരമാധികാരത്തെയും സ്വാതന്ത്യത്തെയും സമ്പദ്‌വ്യവസ്ഥയെയും ഹനിക്കുന്നുവെന്നാണ് വിട്ടുപോകണമെന്ന് ആവശ്യപ്പെടുന്ന ലീവ് പക്ഷക്കാരുടെ വാദം. യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതാവും ബ്രിട്ടന്റെ അഭിവൃദ്ധിക്കും ഭാവിക്കും നല്ലതെന്നാണ് റിമെയ്ന്‍ പക്ഷപാതികളുടെ പക്ഷം. ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍, യൂകീപ് പാര്‍ട്ടി നേതാവ് നിഗേല്‍ ഫറാഷ് തുടങ്ങിയവര്‍ ലീവ് പക്ഷത്തിന് നേതൃത്വം നല്‍കുന്നു. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, പ്രതിപക്ഷനേതാവ് ജെറെമി കോര്‍ബെന്‍, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, മുന്‍ പ്രധാനമന്ത്രിമാരായ ടോണി ബ്ലയര്‍, സ്‌കോട്ര്‍ലന്‍ഡ് പ്രധാനമന്ത്രി നിക്കോളാ സ്റ്റര്‍ജിയോണ്‍ തുടങ്ങിയവര്‍ റിമെയ്ന്‍ പക്ഷക്കാരാണ്.


ഹിതപരിശോധനക്ക് തൊട്ടുമുമ്പ് നടന്ന ഏറ്റവും വലിയ ഓണ്‍ലൈന്‍ അഭിപ്രായ സര്‍വ്വേ ആയ ഫൈനല്‍ ഒപ്പീനിയന്‍ പോളില്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകണം എന്ന അഭിപ്രായത്തേക്കാള്‍ നിലനില്‍ക്കണം എന്നതിന് 10 ശതമാനം ലീഡുണ്ട്. എന്നാല്‍ മറ്റ് രണ്ട് അഭിപ്രായ സര്‍വ്വേകള്‍ യൂറോപ്യന്‍ യൂണിയന്‍ വിടുക എന്ന അഭിപ്രായത്തിന് ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ മുന്‍തൂക്ക സാധ്യത

രണ്ടാം ലോകമഹായുദ്ധകാലത്ത് തീവ്രദേശീയത തകര്‍ത്തെറിഞ്ഞ യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ അനുഭവപാഠങ്ങളില്‍ നിന്നാണ് രാജ്യാതിര്‍ത്തികള്‍ക്കപ്പുറമുള്ള യൂറോപ്പിന്റെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയന്‍ രൂപം കൊണ്ടത്. യൂറോപ്യന്‍ യൂണിയന്‍ വിടാനാണ് ബ്രിട്ടന്റെ വിധിയെഴുത്തെങ്കില്‍ അത് യൂറോപ്പിന്റെയും ലോകത്തിന്റേയും രാഷ്ട്രീയ സാന്പത്തിക സമവാക്യങ്ങളെ മാറ്റിവരയ്ക്കുന്ന പുതുചരിത്രമാവും.