Asianet News MalayalamAsianet News Malayalam

സബ് കളക്ടറെ എംഎൽഎ അപമാനിച്ച സംഭവം: ഇടതുനിലപാട് ഓർമ്മിപ്പിച്ച് എംഎ ബേബി

ദേവികുളം സബ് കളക്ടർ രേണു രാജിനെ എസ് രാജേന്ദ്രൻ എംഎൽഎ അപമാനിച്ച സംഭവത്തിൽ പ്രതികരണം ആരാഞ്ഞപ്പോഴാണ് എംഎ ബേബി ഇടതുപക്ഷത്തിന്‍റെ നിലപാട് ആവർത്തിച്ചത്.

left's stance is with womanhood, says MA Baby
Author
Thiruvananthapuram, First Published Feb 10, 2019, 1:07 PM IST

തിരുവനന്തപുരം: സ്ത്രീത്വത്തെ മാനിക്കുന്ന നിലപാടാണ് എപ്പോഴും ഇടതുപക്ഷത്തിന്‍റേതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ദേവികുളം സബ് കളക്ടർ രേണു രാജിനെ എസ് രാജേന്ദ്രൻ എംഎൽഎ അപമാനിച്ച സംഭവത്തിൽ പ്രതികരണം ആരാഞ്ഞപ്പോഴാണ് എംഎ ബേബി ഇടതുപക്ഷത്തിന്‍റെ നിലപാട് ആവർത്തിച്ചത്. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ അദ്ദഹം നടത്തിയില്ല.

എംഎൽഎ എസ് രാജേന്ദ്രനോട് വിശദീകരണം ചോദിക്കുമെന്ന് സിപിഎം ഇടുക്കി ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. എംഎൽഎയുടെ നടപടി പാര്‍ട്ടി അന്വേഷിക്കുമെന്നും തെറ്റായ നടപടികൾ വച്ച് പൊറുപ്പിക്കാനാകില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ പറഞ്ഞു. സംസ്കാരത്തിന് യോജിക്കാത്ത വിധം പെരുമാറുന്ന എംഎൽഎ എസ് രാജേന്ദ്രനെ നിയന്ത്രിക്കാൻ സിപിഎം തയ്യാറാകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമനും ആവശ്യപ്പെട്ടിരുന്നു.   

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് തീരത്ത് എൻഒസി വാങ്ങാതെ പഞ്ചായത്ത് നടത്തി വന്ന കെട്ടിട നിർമാണത്തിന് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. കെ ഡി എച്ച് കമ്പനി വാഹന പാർക്കിംഗ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിർമ്മാണപ്രവർത്തനം സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു സബ്ബ് കളക്ടർ രേണു രാജിന്‍റെ നടപടി. ഇതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. 

''അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്..  ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്ക്ന്ന്.. കളക്ടറാകാൻ വേണ്ടി മാത്രം പഠിച്ച് കളക്ടറായവർക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. ബിൽഡിംഗ് റൂൾസ് പഞ്ചായത്ത് വകുപ്പാണ്.. അവള്ക്ക് ഇടപെടാൻ യാതൊരു റൈറ്റുമില്ല..  അവള്ടെ പേരിൽ കേസ് ഫയൽ ചെയ്യണം.. ഇതൊരു ജനാധിപത്യരാജ്യമല്ലേ, ജനപ്രതിനിധികളുടെ നിർദേശം കേൾക്കൂലെന്ന് പറഞ്ഞെന്നാ..'' എന്നാണ് ദേവികുളം സബ്കളക്ടറെക്കുറിച്ച് എസ് രാജേന്ദ്രൻ പറ‌ഞ്ഞത്.

വിവരം അന്വേഷിക്കാൻ സബ് കളക്ടറെ കാണാൻ പോയപ്പോൾ 'താൻ തന്‍റെ കാര്യം താൻ നോക്ക്, എന്‍റെ കാര്യം ഞാൻ നോക്കാം' എന്നാണ് രേണു രാജ് തന്നോട് പറഞ്ഞതെന്ന് എസ് രാജേന്ദ്രൻ ആരോപിച്ചു. തന്‍റെ പ്രായമെങ്കിലും സബ് കളക്ടർക്ക് മാനിക്കാമായിരുന്നു എന്നും എസ് രാജേന്ദ്രൻ പറയുന്നു.

Follow Us:
Download App:
  • android
  • ios