ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കി ചരിത്രം കുറിച്ച കൊച്ചി മെട്രോയ്ക്ക് പിന്നാലെ ഡല്‍ഹി ലീഗല്‍ സര്‍വീസ് അതോറിറ്റിയും. ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് മാത്രമായി ജോലി സംവരണം ചെയ്ത് കൊണ്ടാണ് അതോറിറ്റി, സാമൂഹിക രംഗത്ത് വിപ്ലവകരമായ മറ്റൊരു ചുവട് വെയ്‍പിന് തുടക്കം കുറിച്ചിരിക്കുന്നത്. അറുപതിനായിരം രൂപ വരെ ലഭിക്കുന്ന ജോലിക്കായി മാധ്യമങ്ങളില്‍ പരസ്യവും നല്‍കിക്കഴിഞ്ഞു.
പ്രതികാരം തീര്‍ക്കാന്‍ അടുത്തിടെ ചിലര്‍ കണ്ടുപിടിച്ച എളുപ്പമാര്ഗമാണ് ആസിഡ് ആക്രമണം. വികൃതരൂപവുമായി പിന്നീട് സമൂഹത്തില്‍ ഒളിച്ചുകഴിയാന്‍ വിധിക്കപ്പെട്ടവര്‍. ഇവര്‍ക്ക് താങ്ങാവുകയാണ് ദല്‍ഹി ലീഗല്‍ സര്‍വീസ് അതോറിറ്റി. ഇപ്പോള്‍ ഒഴിവ് വന്ന 12 ക്ലാര്‍ക്ക് പദവിയിലേക്ക് ആസിഡ് ആക്രമണത്തിന് ഇരയായവരെ മാത്രം തെരഞ്ഞെടുക്കാനാണ് അതോറിറ്റിയുടെ തീരുമാനം. ഇതിനായി പരസ്യവും നല്‍കിക്കഴിഞ്ഞു. ഒളിച്ച് കഴിയേണ്ടവരല്ല ഇവരെന്നും ഇവരെ പുനരധിവിസിപ്പിച്ച് മാന്യമായി ജീവിക്കാന്‍ സാഹചര്യമൊരുക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണെന്നും ചുണ്ടിക്കാട്ടുകയാണ് അതോറിറ്റി.
ഇതിനായി യോഗ്യതകളിലും ഇളവ് വരുത്തി. പത്താംക്ലാസ് പാസായവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ ജോലി ലഭിച്ച് അഞ്ചുവര്‍ഷം കൊണ്ട് യോഗ്യതാ പരീക്ഷയായ പ്ലസ് ടു പാസായാല്‍ മതി. പ്രായപരിധി 40 വയസ്സായും ഉയര്‍ത്തിയിട്ടുണ്ട്. ദില്ലിയില്‍ മാത്രം കഴിഞ്ഞ 10 വര്‍ഷത്തിനിടെ 150 പേര്‍ ആസിഡ് ആക്രമണത്തിനരയായി എന്നറിയുന്പോഴേ ഇതിന്‍റെ ആഴം എത്രയെന്ന് മനസ്സിലാകൂ.
