ബില്‍ ഭരണഘടനക്കും സുപ്രീം കോടതി ഉത്തരവുകള്‍ക്കും വിരുദ്ധമാണ്, 64 വര്‍ഷത്തെ മുന്‍കാല പ്രാബല്യം അസാധാരണമാണ്. ചെയര്‍മാനാകുന്ന വിഎസ്സിന് നല്‍കുന്ന ആനുകൂല്യങ്ങളെ കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. ഗവര്‍ണ്ണറുടെ അനുമതി വേണം തുടങ്ങി പ്രതിപക്ഷം ഉന്നയിച്ച തടസ്സവാദങ്ങളെല്ലാം സ്പീക്കര്‍ തള്ളി. 2012 ല്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിനു വേണ്ടി വരുത്തിയ ഭേദഗതിക്ക് സമാനമാണ് പുതിയ ബില്‍ എന്ന നിയമമന്ത്രിയുടെ വിശദീകരണം സ്‌പീക്കര്‍ അംഗീകരിച്ചു. പിന്നീട് രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലുടനീളം വിഎസ്സിനെ സിപിഐഎം മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞ് പറ്റിച്ചുവെന്ന വാദമാണ് പ്രതിപക്ഷം ഉന്നയിച്ചത്.

ഭരണപരിഷ്‌ക്കാരകമ്മീഷനുള്ള പണം ഖജനാവില്‍ നിന്നല്ല പി ബിയുടെ ഫണ്ടില്‍ നിന്നും നല്‍കണമെന്നും, സിപിഐഎമ്മിലെ വിഭാഗീയതയുടെ ഉല്പന്നമാണ് ബില്ലെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. എന്നാല്‍ വിഎസ്സിന് വേണ്ടിയാണ് ഭേദഗതിയെന്ന് ഭരണപക്ഷനിരയില്‍ നിന്നും സംസാരിച്ച ആരും പരാമര്‍ശിച്ചില്ല. പ്രതിപക്ഷത്തിന്റെ കടന്നാക്രമണം രൂക്ഷമായപ്പോള്‍ നിയമമന്ത്രി തന്നെ വിഎസിനായി രംഗത്തെത്തി. വിമര്‍ശനശരങ്ങളുയരുമ്പോഴൊക്കെ എല്ലാം കേട്ട് വിഎസ് സഭയിലുണ്ടായിരുന്നു. സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ട ബില്‍ 19ന് സഭ പാസ്സാക്കും.