ഷിംല: ഒന്നര വയസ്സ് പ്രായം തോന്നിക്കുന്ന പുള്ളിപ്പുലി വീട്ടിലെ മൂന്നു വയസ്സുകാരന്‍റെ തൊട്ടിലില്‍. ഹിമാചല്‍പ്രദേശിലെ ദിനേഷ് കുമാറിന്‍റെ മൂന്നുവയസ്സുകാരന്‍റെ മകന്‍റെ തൊട്ടിലിലാണ് അമ്മയില്‍ നിന്ന് വേര്‍പ്പെട്ട പുള്ളിപ്പുലിയെ കണ്ടെത്തിയത്. പുറത്ത് കളിക്കുകയായിരുന്ന മൂന്ന് വയസ്സുകാരന്‍ ഗൗരവിനെയും കൊണ്ട് അകത്തേ മുറിയിലേക്ക് ദിനേഷ് വന്നപ്പോളാണ് പുലിയെ കാണുന്നത്.

തൊട്ടിലിനുള്ളില്‍ കിടക്കുകയായിരുന്ന പുലി ഇരുവരെയും കണ്ടതോടെ ചാടി വീണ് ആക്രമിച്ചു. ആക്രമണത്തില്‍ കുട്ടിയുടെ കാലില്‍ പല്ലിറങ്ങി ആഴത്തില്‍ മുറിവേല്‍ക്കുകയും ദിനേഷിന്‍റെ വയറിലും കാലിനും പരിക്കേല്‍ക്കുകയും ചെയ്തു. ദിനേഷിനെയും ഗൗരവിനെയും പുലി ആക്രമിക്കുന്ന സമയത്ത് വീട്ടില്‍ ദിനേഷിന്‍റെ ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നു. ഇവര്‍ക്ക് പരിക്കുകളില്ല.

 ദിനേഷിനെയും ഗൗരവിനെയും പരിക്കേല്‍പ്പിച്ച പുലി പിന്നീട് സമീപത്തെ മറ്റൊരു വീട്ടില്‍ കയറി ഒളിക്കുകയായിരുന്നു. പിന്നീട് നീണ്ട ആറുമണിക്കൂറത്തെ പരിശ്രമത്തിന് ശേഷം വനംവകുപ്പ് ഉദ്ദ്യോഗസ്ഥരെത്തി മയക്കുവെടി വച്ച് പുലിയെ പിടികൂടി. നിലവില്‍ മൃഗശാലയിലേക്ക് മാറ്റിയ പുലിയെ കാട്ടിലേക്ക് അയക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.