വിദേശികളുടെ കുടുംബാംഗങ്ങള്‍ക്ക് ലെവി ഏര്‍പ്പെടുത്തുന്ന നിയമം അടുത്ത ജൂലൈ മുതലാണ് പ്രാബല്യത്തില്‍ വരിക. തുടക്കത്തില്‍ ഒരോ അംഗത്തിനും പ്രതിമാസം 100 റിയാല്‍ വീതം അടയ്‌ക്കണം. പിന്നീട് ഓരോ വര്‍ഷവും 100 റിയാല്‍ വീതം വര്‍ധിക്കും. 2020 ആകുമ്പോള്‍ കുടുംബത്തിലെ ഓരോ അംഗത്തിനും മാസം 400 റിയാല്‍ വീതം അടയ്‌ക്കേണ്ടി വരും. താമസ രേഖയായ ഇഖാമ പുതുക്കുമ്പോഴാണ് ഈ ഫീസ്‌ ഈടാക്കുകയെന്നു പ്രമുഖ അറബ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതായത് ഒരു വര്‍ഷത്തേക്കുള്ള ഫീസ്‌ ഒരുമിച്ചു ഈടാക്കാനാണ് നീക്കം. 

2017ല്‍ ഒരാള്‍ക്ക് ഒരു വര്‍ഷത്തേക്ക് 1200 റിയാലും 2020ല്‍ ഒരാള്‍ക്ക് 4800 റിയാലും അടയ്ക്കേണ്ടി വരും. ഇതിനു പുറമേ ഒരു വര്‍ഷത്തേക്ക് നാട്ടിലേക്ക് പോകുന്നവര്‍ 1200 റിയാല്‍ എക്‌സിറ്റ് റീ-എന്‍ട്രി ഫീസായും അടയ്‌ക്കണം. മൂന്നോ നാലോ അംഗ കുടുംബമുള്ള സാധാരണ വരുമാനക്കാര്‍ക്ക് സൗദിയില്‍ കുടുംബത്തെ നിര്‍ത്താന്‍ കഴിയില്ല. വലിയ വരുമാനം ഉള്ളവര്‍ക്ക് മാത്രം കുടുംബത്തെ കൂടെ നിര്‍ത്താന്‍ കഴിയുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്. പല വിദേശികളും കുടുംബത്തെ നാട്ടിലേക്കയക്കുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങി. ഇത് ഫ്ലാറ്റുകളെയും, സ്കൂളുകളെയും മറ്റു കച്ചവടങ്ങളെയും കാര്യമായി ബാധിക്കും. അതേസമയം നിതാഖാതില്‍ ഇളവുള്ള ചില രാജ്യക്കാരില്‍ നിന്ന് ലെവി ഈടാക്കില്ലെന്നു ധനകാര്യ മന്ത്രി മുഹമ്മദ്‌ അല്‍ ജദ്ആന്‍ അറിയിച്ചു. ഫലസ്തീന്‍, യമന്‍, സിറിയ, ബര്‍മ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് പുതിയ ഫീസ്‌ ബാധകമല്ല. ഈ രാജ്യങ്ങളില്‍ നിന്നുള്ള 46 ലക്ഷത്തോളം അഭയാര്‍ഥികള്‍ സൗദിയില്‍ കഴിയുന്നതായാണ് കണക്ക്.