ദില്ലി: 16 വയസുള്ളവര്‍ക്കും സ്‌കൂട്ടര്‍ ലൈസന്‍സ് നല്‍കാന്‍ നിര്‍ദേശിക്കുന്ന നിയമഭേദഗതി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം രൂപീകരിച്ച മന്ത്രിമാരുടെ സമിതി മുന്നോട്ടുവെച്ചു. ലേണേഴ്‌സ് ലൈസന്‍സ് ഓണ്‍ലൈന്‍ വഴിയാക്കാനും ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ കൂട്ടാനും മന്ത്രിമാരുടെ സമിതി ശുപാര്‍ശ ചെയ്തു.

റോഡ് സുരക്ഷയെക്കുറിച്ചു പഠിക്കുന്ന മന്ത്രിമാരുടെ സമിതി 34 പുതിയ നിര്‍ദ്ദേശങ്ങളാണു മുന്നോട്ടുവച്ചിരിക്കുന്നത്. 16 വയസുള്ളവര്‍ക്കും നൂറു സിസിക്ക് താഴെയുള്ള ഗിയറില്ലാത്ത സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് നല്‍കണം എന്നതാണ് ഒരു ശുപാര്‍ശ. ലൈസന്‍സിന്റെ ഇപ്പോഴത്തെ കാലാവധി വര്‍ദ്ധിപ്പിക്കണം. ലേണേഴ്‌സ് ലൈസന്‍സ് നേരിട്ട് പോകാതെ ഓണ്‍ലൈന്‍ വഴി നല്‍കണം. ട്രക്ക് ഡ്രൈവര്‍മാര്‍ക്കും ബസ് ഡ്രൈവര്‍മാര്‍ക്കും യൂണിഫോം നിര്‍ബന്ധമാക്കേണ്ടതില്ല തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ശുപാര്‍ശയിലുണ്ട്.

ഡ്രൈവിംഗ് ലൈസന്‍സും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും നല്‍കുന്നതു കംപ്യൂട്ടര്‍ സംവിധാനം വഴിയാക്കും. ട്രാഫിക് നിയമലംഘനത്തിന് ഇപ്പോഴുള്ള പിഴ വര്‍ദ്ധിപ്പിക്കണം. നിയമപാലകര്‍ തന്നെ നിയമലംഘനം നടത്തിയാല്‍ ഇരട്ടി പിഴ ഈടാക്കണം. എല്ലാ വാഹനങ്ങളേയും മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണം.

ടാക്‌സി പെര്‍മിറ്റ് നല്‍കാനുള്ള ചട്ടങ്ങള്‍ ഉദാരമാക്കണം. സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ സംയോജിത ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കണം. ദേശീയ പാത നിരീക്ഷണത്തിന് എല്ലാ സംസ്ഥാനങ്ങളും ഹൈവേ പൊലീസുകള്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശവും കേരളമുള്‍പ്പെട്ട സംസ്ഥാനങ്ങളിലെ മന്ത്രിമാരുള്‍പ്പെട്ട സമിതി മുന്നോട്ടുവച്ചു.