ദില്ലി: ലെഫ്റ്റനന്റ് ഗവര്‍ണറാണ് ദില്ലിയിലെ ഭരണത്തലവനെന്ന ദില്ലി ഹൈക്കോടതി വിധിക്കെതിരെ ആംആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ ദില്ലിയില്‍ ആംആദ്മി സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറും വീണ്ടും ഏറ്റുമുട്ടലിലേക്ക്. മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തിയ വിദേശയാത്രയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മന്ത്രി സത്യേന്ദര്‍ ജെയ്‌നൊപ്പം മദര്‍ തെരേസയുടെ വിശുദ്ധ പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ പോയ സാഹചര്യത്തിലാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. തിങ്കളാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. 

ഒന്നരവര്‍ഷത്തിനിടെ മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫും ഉദ്യോഗസ്ഥരും നടത്തിയ വിദേശ യാത്രയുടെ വിശദാംശങ്ങള്‍ നല്‍കണം. സന്ദര്‍ശിച്ച രാജ്യം, സന്ദര്‍ശനോദ്ദേശ്യം, ഏത് ക്ലാസിലാണ് യാത്ര ചെയ്തത് എന്നീ വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകണമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണറുടെ സെക്രട്ടറി ആര്‍ എന്‍ ശര്‍മ്മ സംസ്ഥാനസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. 

വത്തിക്കാനില്‍ നിന്ന് കെജ്‌രിവാളും സത്യേന്ദര്‍ ജെയിനും ഇന്ന് രാത്രി ദില്ലിയിലെത്തും. ഫെബ്രുവരിയില്‍ അധികാരത്തിലെത്തിയ ശേഷമുള്ള കെജ്‌രിവാളിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണ് വത്തിക്കാനിലേത്.