വാഹനാപകടങ്ങളില്‍പെട്ട് ദിവസേന കുറഞ്ഞത് 300 പേരെങ്കിലും എത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയില്‍ അപകടത്തില്‍ പെട്ട ഒരാളെയും കൊണ്ട് ചെന്നാല്‍ ഒപ്പം വരുന്നവര്‍ തന്നെ അകത്തു കയറി വീല്‍ ചെയര്‍ എടുക്കണം. രോഗിയെ തള്ളി ഡോക്ടറുടെ അടുത്തെത്തിക്കണം. ഉള്ള വീല്‍ചെയറുകളില്‍ പലതും തുരുമ്പിച്ചതാണ്. ചിലതിന് ഉരുട്ടാനുള്ള ചക്രം പോലുമില്ല. മതിയായ ജീവനക്കാരുടെ അഭാവമാണ് പ്രധാനപ്പെട്ട ഈ ആശുപത്രിക്ക് തിരിച്ചടിയാകുന്നത്.
ലെവല്‍ വണ്‍ വിഭാഗത്തില്‍ ഉള്‍പെടുത്തി എല്ലാ ആധുനിക സജ്ജീകരണങ്ങളോടെയും ട്രോമാകെയര്‍ സംവിധാനം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തണമെന്നാണ് വിദഗ്ദസമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിരുന്നത്. ഇതനുസരിച്ച് ഒരു അധുനിക കാഷ്യാലിറ്റിയുടെ നിര്‍മാണം ആരംഭിച്ചിട്ട് നാല് വര്‍ഷം കഴിഞ്ഞു.കേന്ദ്രത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് പകുതി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വിവിധ സാങ്കേതികത്വങ്ങളില്‍ ഇപ്പോള്‍ ഇത് കുടുങ്ങിക്കിടക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളോടുള്ള അവഗണനയുടെ നേര്‍സാക്ഷ്യമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. സ്വകാര്യ അശുപത്രികളുടെ കൊള്ള ഭയന്ന് ഇവിടങ്ങളിലെത്തുന്ന ലക്ഷക്കണക്കിന് സാധാരണക്കാരെ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ആവശ്യമുയരുന്നത്.
