കൊല്ലം: കര്‍ണാടകത്തിലെ മൈസൂര്‍ കോടതിയിലുണ്ടായ സ്‌ഫോടനത്തിന് കൊല്ലം കലക്ടറേറ്റിലുണ്ടായ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം മൈസൂരിലെത്തി പരിശോധന നടത്തി. ഒരേ സംഘമാണ് ഇരു സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്നാണ് അന്വേഷണ സംഘം കരുതുന്നത്..

കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയാണ് മൈസൂര്‍ കോടതിയിലെ ശുചിമുറിയില്‍ സ്‌ഫോടനമുണ്ടായത്.. ഈ സ്‌ഫോടനത്തിന് കഴിഞ്ഞ ജൂണില്‍ കൊല്ലം കലക്ടറേറ്റിലുണ്ടായ സ്‌ഫോടനവുമായി സമാനതകളുണ്ടെന്നാണ് ഇന്ന് മൈസൂരിലെത്തി തെളിവെടുത്ത ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള കേരള പൊലീസ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

പ്രഷര്‍ കുക്കറില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചാണ് ബോംബ് തയ്യാറാക്കിയതെന്ന് മൈസൂര്‍ സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘം കണ്ടെത്തിയിട്ടുണ്ട്.. ഒരു വര്‍ഷം മുന്പ് ആന്ധ്രയിലെ ചിറ്റൂര്‍ കോടതിയിലും ജൂണില്‍ കൊല്ലം കലക്ടറേറ്റിലും ഇന്നലെ മൈസൂരിലുമുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഒരേ ശക്തിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ ആന്ധ്രാപ്രദേശ് പൊലീസിന്റേയും സഹായം കേരള കര്‍ണാടക പൊലീസുകള്‍ തേടും.കര്‍ണാടക പൊലീസിന്റെ ഒരു സംഘം കൊല്ലത്തെത്തിയും തെളിവെടുക്കും.കഴിഞ്ഞയാഴ്ച ബംല്‍ഗാമില്‍ നിന്നും മൈസൂരിലേക്കുള്ള തീവണ്ടിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ റെയില്‍വേ പൊലീസ് പിടിച്ചെടുത്തിരുന്നു.ഈ സംഭവത്തിന് മൈസൂര്‍ സ്‌ഫോടനവുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്..