രണ്ടു പേരുടേതെന്നു കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ ദക്ഷിണാഫ്രിക്കയിലെ സിബുയ റിസർവിൽനിന്നു കണ്ടെത്തിയതായി വന പരിപാലന അധികൃതര്‍ വ്യാഴാഴ്ച വ്യക്തമാക്കി
ജൊഹാനസ്ബർഗ്: കണ്ടാമൃഗത്തെ വേട്ട ചെയ്യാന് പോയ വ്യക്തിയെ സിംഹം ഭക്ഷണമാക്കി. രണ്ടു പേരുടേതെന്നു കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ ദക്ഷിണാഫ്രിക്കയിലെ സിബുയ റിസർവിൽനിന്നു കണ്ടെത്തിയതായി വന പരിപാലന അധികൃതര് വ്യാഴാഴ്ച വ്യക്തമാക്കി. കൊല്ലപ്പെട്ടവർ ചിലപ്പോൾ മൂന്നു പേരായേക്കാം. ദക്ഷിണാഫ്രിക്കയിലെ കെന്റോണ് ഓണ് സീയ്ക്കു തെക്കു കിഴക്കാണ് സിബുയ റിസർവ്.
മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനു സമീപത്തുനിന്ന് സൈലൻസറോടു കൂടിയ അധ്യാധുനിക തോക്കും കോടാലിയും കണ്ടെത്തി. കാണ്ടാമൃഗമങ്ങളെ വേട്ടയാടാൻ കാട്ടിൽ കയറിയവരാണു കൊല്ലപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച രാത്രി ഇവർ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിൽ കയറിയെന്നാണു കരുതുന്നത്. കൊല്ലപ്പെട്ടവരുടെ എല്ലുകൾ മാത്രമാണ് സിംഹങ്ങൾ അവശേഷിപ്പിച്ചത്.
ആഫ്രിക്കൻ കാണ്ടാമൃഗങ്ങളുടെ കൊമ്പുകള് ഏഷ്യയിൻ വൻ ആവശ്യക്കാരാണുള്ളത്. ചൈന, വിയറ്റ്നാം എന്നിവിടങ്ങളിൽ കാണ്ടാമൃഗത്തിന്റെ കൊന്പുകൾ സംഭോഗാസക്തിയുണ്ടാക്കുന്ന ഔഷധമായി കരുതപ്പെടുന്നു. കിഴക്കൻ കേപ്പ് പ്രവിശ്യയിൽ മാത്രം ഈ വർഷം ഒന്പത് കാണ്ടാമൃഗങ്ങൾ വേട്ടക്കാരാൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. ഒരു ദശാബ്ദത്തിനിടെ കൊല്ലപ്പെട്ട കാണ്ടാമൃഗങ്ങളുടെ എണ്ണം 7000 വരും.
