അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള നിയമം പാസാക്കണമെന്ന ശിവസേന അടക്കമുള്ള ഹെെന്ദവ സംഘടനകളുടെ ആവശ്യത്തെ എതിര്‍ക്കുന്ന പാര്‍ട്ടികളാണ് എല്‍ജിപിയും നിതീഷ് കുമാറിന്‍റെ ജെഡിയുവും

മുംബെെ: സര്‍ക്കാരിന്‍റെ വികസന അജണ്ടയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ശിവസേന അയോധ്യ വിഷയം ഉയര്‍ത്തുന്നതെന്ന് എന്‍ഡിഎ ഘടകകക്ഷിയായ ലോക്ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍. എല്‍ജിപിയെ പോലുള്ള പാര്‍ട്ടികളുമായി സഖ്യത്തിലുള്ളപ്പോള്‍ എങ്ങനെ ബിജെപിക്ക് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനാകുമെന്ന ചോദ്യം ശിവസേന ഉയര്‍ത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി ചിരാഗ് രംഗത്ത് വന്നത്.

ശിവസേനയും എന്‍ഡിഎ സഖ്യത്തിലുള്ള പാര്‍ട്ടിയാണെങ്കിലും അയോധ്യ വിഷയത്തിലടക്കം ഉദ്ധവ് താക്കറെ വലിയ വിമര്‍ശനങ്ങളാണ് ബിജെപിക്കെതിരെ ഉന്നയിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള നിയമം പാസാക്കണമെന്ന ശിവസേന അടക്കമുള്ള ഹെെന്ദവ സംഘടനകളുടെ ആവശ്യത്തെ എതിര്‍ക്കുന്ന പാര്‍ട്ടികളാണ് എല്‍ജിപിയും നിതീഷ് കുമാറിന്‍റെ ജെഡിയുവും.

വിഷയത്തില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യമാണ് ബിജെപിക്ക് ഉള്ളതെങ്കിലും സുപ്രീംകോടതി വിധിക്ക് കാത്തിരിക്കാമെന്ന നിലപാടാണ് ഇപ്പോള്‍ പുലര്‍ത്തുന്നത്. കേന്ദ്രസർക്കാരിനും ബിജെപിയ്ക്കുമെതിരെ രാമക്ഷേത്രനിർമാണ വിവാദം തന്നെ ഉയർത്തി ഏറെ നാളായി ആ‌ഞ്ഞടിക്കുകയാണ് ശിവസേന.

വിഎച്ച്പിയുടെ ധരംസഭയ്ക്ക് സമാന്തരമായി അയോധ്യയിൽ ശിവസേനയും മഹാറാലിയും നടത്തിയിരുന്നു. ആശീർവാദ് സമ്മേളൻ - എന്നായിരുന്നു ശിവസേനയുടെ പരിപാടിയുടെ പേര്. 'തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ രാം - രാം എന്ന് ജപിയ്ക്കുന്ന ബിജെപി നേതാക്കൾ അത് കഴിഞ്ഞാൽ ആരാം (വിശ്രമം) എന്ന നിലപാടാണെടുക്കുന്നതെ'ന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞു.

രാമക്ഷേത്രമില്ലെങ്കിൽ അധികാരവുമില്ലെന്ന് ബിജെപി ഓർക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണെങ്കിൽ തെരഞ്ഞെടുപ്പ് കാലത്ത് എന്തിനാണ് ബിജെപി അയോധ്യാ വിഷയം ഉന്നയിക്കുന്നതെന്ന് ഉദ്ധവ് താക്കറെ ചോദിച്ചു. ഹിന്ദുവികാരം വച്ച് കളിയ്ക്കരുത്. - ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി. ധരംസഭയ്ക്ക് തൊട്ടുമുമ്പായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കിയത്.