കൊല്ലം: വ്യാജരേഖ ചമച്ച് കൊല്ലത്തെ സിപിഎം നേതാവിന്‍റെ ഭാര്യയും മകളും നടത്തിയ വായ്പാ തട്ടിപ്പ് കേസില്‍ ഒത്ത് തീര്‍പ്പ് ശ്രമവുമായി കാവനാട് സെൻട്രല്‍ ബാങ്ക്. പ്രതികള്‍ക്ക് പണമടയ്ക്കാനുള്ള അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ബാങ്ക് മാനേജര്‍ പരാതിക്കാരിയെ സമീപിച്ചു. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

വായ്പാ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് 17 ദിവസം കഴിഞ്ഞിട്ടും പ്രതിയായ ബാങ്ക് മാനേജരെയോ സിപിഎം നേതാവിന്‍റെ കുടുംബത്തെയോ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറിയിട്ടില്ല. കഴിഞ്ഞയാഴ്ച കൊല്ലം ശക്തിക്കുളങ്ങര പൊലീസ് സ്റ്റേഷന് മുന്നില്‍ നീതിക്കായി കുരീപ്പുഴ സ്വദേശി ആമിനയും രണ്ട് പെണ്‍മക്കളും മഴയത്ത് കുത്തിയിരുന്ന് സമരം ചെയ്തുവെങ്കിലും ഒരു ഫലവുമുണ്ടായില്ല. 

ആമിനയുടെ ഐഡി കാര്‍ഡും വ്യാജ ഒപ്പുമിട്ട് സിപിഎം ശക്തിക്കുളങ്ങര ലോക്കല്‍ സെക്രട്ടറി ശശിധരന്‍റെ ഭാര്യ ജയശ്രീ മകള്‍ ഇന്ദുജ എന്നിവര്‍ ചേര്‍ന്ന് ഒൻപതര ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ലോണടവ് മുടങ്ങിയപ്പോള്‍ ബാങ്കില്‍ നിന്ന് വിളി വന്നപ്പോഴാണ് ആമിന സംഭവം അറിയുന്നത്. ജയശ്രീയും ഇന്ദുജയും, ബാങ്കിലെ അന്നത്തെ മാനേജരുള്‍പ്പടെ ഏഴ് പ്രതികളാണ് കേസില്‍ ഉള്ളത്‍. എല്ലാവരും ഒളിവിലാണ് ‍. ഇതിനിടയിലാണ് ഇപ്പോഴത്തെ ബാങ്ക് മാനേജര്‍ ജോളി ആമിനയെ വിളിച്ച് ഒത്ത് തീര്‍പ്പ് ശ്രമം നടത്തിയത്. വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ഭീഷണിയായി. അതേസമയം, പ്രതികളുടെ മുൻ കൂര്‍ ജാമ്യം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നത് കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് പൊലീസ് വിശദീകരണം.