ദില്ലി: നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച് ഒരു മാസമായിട്ടും ജനദുരിതം തുടരുന്നു എന്നാരോപിച്ച് പ്രതിപക്ഷം ഇന്ന് പാർലമെന്‍റ് വളപ്പിൽ ധർണ്ണ നടത്തും. പാർലമെന്റ് സ്തംഭനം ഒഴിവാക്കാൻ സർക്കാർ മുന്നോട്ടു വച്ച നിർദ്ദേശം ചർച്ച ചെയ്യുമെന്നും പ്രതിപക്ഷ നേതാക്കൾ അറിയിച്ചു. 

ചട്ടങ്ങൾ മാറ്റിവച്ച് രാവിലെ ചർച്ച തുടങ്ങാം എന്ന നിർദ്ദേശമാണ് സർക്കാർ മുന്നോട്ടു വച്ചിരിക്കുന്നത്. മുതിർന്ന നേതാവ് എൽ കെ അദ്വാനി ഇന്നലെ പാർലമെന്റ് സ്തംഭനം തുടരുന്നതിൽ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. സ്പീക്കറും പാർലമെന്ററികാര്യ മന്ത്രിയും നടപടി സ്വീകരിക്കുന്നില്ല എന്നാണ് അദ്വാനി പറഞ്ഞത്. 

ഇതേ തുടർന്നാണ് ഒത്തുതീർപ്പ്നിർദ്ദേശം സർക്കാർ മുന്നോട്ടു വച്ചത്.ശീതകാല സമ്മേളനം തീരാൻ അഞ്ചു ദിവസത്തെ നടപടികൾ മാത്രമുള്ളപ്പോൾ ഒത്തുതീർപ്പിന് സാധ്യതയുണ്ടെന്നാണ് മുതിർന്ന പ്രതിപക്ഷ നേതാക്കൾ സൂചിപ്പിക്കുന്നത്.