തിരുവനന്തപുരം; നിക്ഷേപ വിനിയോഗത്തിനായി ഭാവനാപരമായ പദ്ധതികള്‍ ഉണ്ടാക്കുമെന്ന ഉറപ്പാണ് ലോക കേരള സഭയുടെ ആദ്യ ദിനം പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. സംസ്ഥാനത്ത് അടിക്കടിയുണ്ടാവുന്ന ഹര്‍ത്താലില്‍ ആശങ്ക പങ്ക് വെച്ച പ്രവാസികള്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി വേണമെന്നതടക്കമുള്ള ആവശ്യങ്ങളും മുന്നോട്ട് വച്ചു. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ലോകകേരളസഭ ഇന്നവസാനിക്കും. 

കേരളവും പ്രവാസികളും തമ്മില്‍ കൊടുക്കല്‍ വാങ്ങലിന്റെ പാലം തീര്‍ത്ത് മുന്നോട്ട് പോകണമെന്നാണ് ആദ്യദിന ചര്‍ച്ചകളുടെ പൊതു വിലയിരുത്തല്‍. പ്രവാസി പണം വന്‍തോതില്‍ എത്തുമ്പോഴും ഭാവനാപരമായ പദ്ധതികളില്ലാത്തതിന്റെ പോരായ്മയാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. പ്രവാസികളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ഈ പ്രശ്‌നം പരിഹരിക്കുമെന്നാണ് പിണറായി നല്‍കിയ ഉറപ്പ്.

പെട്ടെന്നുള്ള ഹര്‍ത്താല്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്മാറണമെന്നാണ് പ്രവാസികളില്‍ നിന്ന് ഉയര്‍ന്ന ഒരാവശ്യം. തിരിച്ചെത്തിയ 60 കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍, കുടംബശ്രീ മാതൃകയില്‍ പ്രവാസി മിഷന്‍, സമഗ്ര പുനരധിവാസ പദ്ധതി അടക്കമുള്ള ആവശ്യങ്ങളും ഉണ്ടായി. ട്രംപിന്റെ കുടിയേറ്റനിയമവും നിതാഖത്തുമെല്ലാം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് സംസ്ഥാനത്തിന്റെ മുന്നിലെ വെല്ലുവിളിയെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക് ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് ചൂണ്ടിക്കാട്ടി. വിനോദസഞ്ചാരം, വ്യവസായം, സ്ത്രീകളും പ്രവാസവും തുടങ്ങിയ വിഷയങ്ങളിലാണ് രണ്ടാം ദിനത്തിലെ ചര്‍ച്ചകള്‍. ചര്‍ച്ചകള്‍ ക്രോഡീകരിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടിയോടെ പ്രഥമ ലോക കേരള സഭ ഇന്ന് അവസാനിക്കും. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം ഗവര്‍ണ്ണര്‍ ഉദ്ഘാടനം ചെയ്യും.