തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയാകാന്‍ ശ്രമം നടത്തിയിട്ടില്ലെന്ന് നിയുക്ത ഡിജിപി ലോക്നാഥ് ബെഹ്റ. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ തീരുമാനങ്ങള്‍ അനുസരിക്കും. പൊലീസില്‍ സിബിഐ മോഡല്‍ അന്വേഷണ സംവിധാനം കൊണ്ടുവരുമെന്നും അഴിമതിവിമുക്തമാക്കുകയാണ് ലക്ഷ്യമെന്നും ബെഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജിഷ വധക്കേസ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട കേസുകളില്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നും ബെഹ്‌റ പറഞ്ഞു.

കേരളാ പോലീസില്‍ കുറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ബെഹ്‌റ പറഞ്ഞു. സിബിഐ മോഡല്‍ അന്വേഷണത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. കേസുകളില്‍ ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണമാണ് വേണ്ടത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പോസ്റ്റില്‍ ജോലി ചെയ്യുക എന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ചുമതലയാണെന്നും ബെഹ്റ പറഞ്ഞു.