കോഴിക്കോട്: നാദാപുരത്ത് യൂത്ത് ലീഗ് പ്രവർത്തകൻ അസ്ലമിനെ വധിച്ച കേസിൽ പ്രതിയെന്ന് കരുതുന്ന വളയത്തെ യുവാവിനായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു.അന്വേഷണസംഘത്തലവനായ കുറ്റ്യാടി സിഐയാണ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കിയത്. കേസിൽ വളയം സ്വദേശികളായ കൂടുതൽ പേരെ അന്വേഷണസംഘം ചോദ്യം ചെയ്തു.
അസ്ലമിനെ ആക്രമിച്ച സംഘത്തിൽപ്പെട്ടയാളെന്ന് കരുതുന്ന യുവാവിനായി തെരച്ചിൽ തുടരുന്നതിനിടെയാണ് പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്. ഇയാൾ വിദേശത്ത് കടക്കാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. പ്രതി രക്ഷപ്പെടാതിരിക്കാൻ വിമാനത്താവളങ്ങളിൽ വിവരം നൽകിയിട്ടുണ്ട്. വളയത്തുനിന്നുളള കൂടുതൽ പേരെ അന്വേഷണസംഘം ചോദ്യം ചെയ്തു.
കൊലയാളിസംഘത്തിലുണ്ടായിരുന്നവർ സഞ്ചരിച്ചെന്ന് കരുതുന്ന മേഖലകളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. തലശ്ശേരി-പളളൂർ മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചു.പ്രതികളുടേതെന്ന് കരുതുന്ന ഇന്നോവ കാറിൽ തലശ്ശേരിയിലെ ഒരു കടയിൽ നിന്നുളള ബില്ല് കണ്ടെടുത്തിരുന്നു.ഇതിന്‍റെ അടിസ്ഥാത്തിൽ കടയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല.പ്രതികളിൽ ചിലർ സംസ്ഥാനം വിട്ടെന്നും സൂചനയുണ്ട്.ഈ വഴിക്കും അന്വേഷണം തുടരുകയാണ്.നാദാപുരത്തെ അക്രമക്കേസുകളിലെ പ്രതികളെ കണ്ടെത്താൻ ഇരുപതിലധികം അന്വേഷണസംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
