ഒറ്റ നമ്പർ ലോട്ടറിയുടെ മറവിൽ ലക്ഷങ്ങൾ ഒഴുകുന്ന സമാന്തര സാമ്പത്തിക ശൃംഖലയുണ്ടെന്ന് ക്രൈംബ്രാഞ്ച്. സംസ്ഥാന വ്യാപകമായി ക്രൈബ്രാ‍ഞ്ച് നടത്തിയ റെയ്ഡിൽ 57 ഒറ്റ നമ്പർ ലോട്ടറി നടത്തിപ്പുകാരാണ് പിടിയിലായത്.

സംസ്ഥാന ലോട്ടറിയ്ക്ക് വൻനഷ്ടം വരുത്തിയും, നികുതി വെട്ടിച്ചുമാണ് ഒറ്റനമ്പർ ലോട്ടറി മാഫിയയയുടെ പ്രവർത്തനം. ലോട്ടറി എടുക്കുന്നവർക്ക് നമ്പറുകൾ എഴുതിയാണ് നൽകുന്നത്. സംസ്ഥാന ലോട്ടറിയുടെ ഏജന്‍റുമാരും വിൽപ്പാനാക്കാരും തന്നെയാണ് ഈ മാഫിയ പ്രവർത്തനത്തിനു പിന്നിൽ. വാടസാപ് വഴിയാണ് ഫല പ്രഖ്യാപനം നടത്തുന്നത്. ഒറ്റ നമ്പർ ലോട്ടറിയുടെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെയ ഹവാല സാമ്പത്തിക ഇടപാട് സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നാണ് ക്രൈബ്രാഞ്ച് പറയുന്നത്.

സൈബർ സെല്ലിന്‍റെ സഹായത്തോടെ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയിഡിലാണ് സാമ്പത്തിക തിരിമറികൾ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ഉടൻ സംസ്ഥാന ധനമന്ത്രിക്ക് കൈമാറുമെന്ന് ഐജി ശ്രീജിത്ത് പറഞ്ഞു.

സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ ഇതുവരെ 49 കേസുകൾ രജിസ്റ്റർ ചെയ്തു. വടക്കൻ കേരളത്തിലാണ് കൂടുതൽ കേസുകൾ. മലപ്പുറത്ത് മാത്രം 29 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവാക്കളെയും ഇതര സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് മോഹിപ്പിക്കുന്ന സമ്മാന ഘടനയുമായി ലോട്ടറി ചൂതാട്ടം.