ജോധ്പൂര്‍: രാജ്യത്തെ നടുക്കി മുസ്ലിം യുവാവിനെ കൊന്ന് കത്തിച്ചതിന് പിടിയിലായയാള്‍ ജയിലില്‍ നിന്നും വിദ്വേഷ വീഡിയോകള്‍ പുറത്തു വിടുന്നതായി റിപ്പോര്‍ട്ട്. കടുത്ത സുരക്ഷാ സംവിധാനങ്ങളുള്ള ജോധ്പൂര്‍ ജയിലില്‍ നിന്നാണ് ഇയാള്‍ വീഡിയോ ചിത്രീകരിച്ച് പുറത്ത് വിടുന്നത്. പതിനഞ്ചുകാരനായ ബന്ധുവിന്റെ മുന്നില്‍ വച്ചാണ് ഇയാള്‍ മുസ്ലിം യുവാവിനെ കഴുത്തറത്ത് കൊന്ന് കത്തിച്ചത്. 

ജയിലില്‍ നിന്നും മുസ്ലിംകള്‍ക്കെതിരായ ആക്രോശങ്ങളാണ് ഇയാള്‍ നടത്തുന്നത്. മുസ്ലിങ്ങള്‍ക്കെതിരെ ഹിന്ദുക്കള്‍ ഒന്നിച്ച് നില്‍ക്കേണ്ട ആവശ്യകതയെക്കുറിച്ചാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്. തന്നില്‍ ആരോപിച്ചിരിക്കുന്ന കുറ്റത്തില്‍ അല്‍പം പോലും ഖേദം ഇയാള്‍ പ്രകടിപ്പിക്കുന്നില്ല. എന്നാല്‍ തന്നെക്കുറിച്ചും ആ സ്ത്രീയെക്കുറിച്ചും കള്ളക്കഥകള്‍ പ്രചരിച്ചതില്‍ വിഷമമുണ്ടെന്ന് ഇയാള്‍ പറയുന്നു. 

ജയിലില്‍ നിന്ന് പുറത്ത് വന്നിരിക്കുന്ന വീഡിയോ ജയിലിന്റെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് നേരെയാണ് വിരല്‍ ചൂണ്ടുന്നത്. സംഭവത്തില്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇത് വരെയും വീഡിയോ ചിത്രീകരിച്ച ഫോണ്‍ കണ്ടെടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. എന്നാല്‍ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് തന്റെ ഫോണില്‍ നിന്നല്ല എന്നാണ് ഇയാള്‍ പറയുന്നത്. 

ജയിലില്‍ ഫോണ്‍ ജാമ്മറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അധികാരികള്‍ പറയുന്നത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള ആളുകള്‍ ഇയാളെ ജയിലില്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. ലവ് ജിഹാദ് ആരോപിച്ചാണ് ഇയാള്‍ നാല്‍പ്പത്തഞ്ചുകാരനായ പശ്ചിമ ബംഗാള്‍ സ്വദേശിയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.