പത്തനംതിട്ട: യുവതിയെ മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് മേല്‍ യുഎപിഎ ചുമത്തിയതിനെതിരെ ബന്ധുക്കള്‍ രംഗത്ത്. പ്രണയ വിവാഹത്തിന് ശേഷം താമസിക്കാന്‍ സഹായം ചെയ്തു കൊടുത്തവര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് അനീതിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ പെണ്‍കുട്ടിയെ മതംമാറ്റി വിവാഹം കഴിച്ച് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി റിയാസ് ഒളിവിലാണ്. എന്നാല്‍ കേസില്‍ പറവൂര്‍ സ്വദേശി ഫയാസും മാഞ്ഞാലി സ്വദേശി സിയാദും അറസ്റ്റിലായിരുന്നു. ഫയാസ് റിയാസിന്റെ അടുത്ത ബന്ധുവുമാണ്. റിയാസിന് താമസസൗകര്യം അടക്കമുള്ള സഹായം ചെയ്തതിനായിരുന്നു അറസ്റ്റ്. പ്രണയവിവാഹം കഴിഞ്ഞെന്നും താമസിക്കാന്‍ സൗകര്യം ഒരുക്കണമെന്നും മാഹി സ്വദേശിയായ റിയാസ് ആവശ്യപ്പെട്ടതനുസരിച്ച് സൗകര്യം ഒരുക്കുക മാത്രമാണ് ഇവര്‍ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു.

ഈ കാരണത്തിന് ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് അനീതിയാണ്. പെണ്‍കുട്ടിയുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ കേസ് എടുത്തതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഫയാസും സിയാദും റിമാന്റില്‍ തുടരുകയാണ്. അന്വേഷണം ഏറ്റെടുക്കാന്‍ എന്‍ഐഎ നീക്കമുണ്ട്. പ്രതികളുടെ ഐഎസ് ബന്ധവും അന്വേഷിക്കാനാണ് എന്‍ഐഎയുടെ നീക്കം.